തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എന്‍ടിആറിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരുന്നു. ബോളിവുഡ് താരം വിദ്യ ബാലന്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്.

അന്തരിച്ച പ്രമുഖ നടനും തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപകനുമായ എന്‍.ടി.രാമ റാവുമായി എത്തുന്നത് അദ്ദേഹത്തിന്റെ മകന്‍ നന്ദമുരി ബാലകൃഷ്ണയാണ്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുന്നത്. ‘എന്‍ടിആര്‍ കഥാനായകുടു’ ‘എന്‍ടിആര്‍ മഹാനായകുടു’ എന്നിങ്ങനെയാണ് പേരുകള്‍. എന്‍ടിആറിന്റെ ഭാര്യ ബസവതാരകം എന്ന കഥാപാത്രത്തെയാണ് വിദ്യ ബാലന്‍ അവതരിപ്പിക്കുന്നത്.

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായ മായാബസാര്‍ എന്ന ചിത്രത്തിനു വേണ്ടി എന്‍ടിആര്‍ കൃഷ്ണനായി വേഷമിടുന്ന രംഗത്തോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. മൂന്ന് മിനിറ്റും 15 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇതിനോടകം 60 ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

കൃഷ് ജഗര്‍ലോമുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ഇന്ദുരിയും എല്‍.ശ്രീനാഥും ചേര്‍ന്നാണ് എന്‍ടിആറിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം.എം.കീരവാണിയുടേതാണ് സംഗീതം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook