നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രം റിച്ചിയുടെ ടീസറെത്തി. മാസ് ലുക്കിലാണ് നിവിൻ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. നല്ല കട്ട താടിയുമായാണ് നിവിൻ ഈ ചിത്രത്തിലെത്തുന്നത്.ഒരു റൗഡിയായി എന്തിനും തയ്യാറായി നിൽക്കുന്ന നിവിനെയാണ് ടീസറിൽ കാണുന്നത്.ഒരു എന്റർടെയ്‌നറാണ് റിച്ചിയെന്നാണ് ടീസർ നൽകുന്ന സൂചന. ഗൗതം രാമചന്ദ്രനാണ് റിച്ചി സംവിധാനം ചെയ്യുന്നത്.

നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് നിവിൻ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വച്ചിരുന്നു.നിവിൻ പോളി, നാട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇവർ തമ്മിലുളള സൗഹൃദവും ജീവിതവും അതിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

നാട്ടിയുടേത് ബോട്ട് മെക്കാനിക്കിന്റെ വേഷമാണ്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രകാശ് രാജ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു പുരോഹിതന്റെ വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത്.

ലക്ഷ്മി പ്രിയ, ചന്ദ്രമൗലി എന്നിവർ മറ്റു പ്രധാന താരങ്ങൾ. കന്നടയില്‍ ഹിറ്റായ ‘ഉള്ളിടവരു കണ്ടാന്തെ’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് റിച്ചി എന്ന തമിഴ് ചിത്രം. തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് റിച്ചി. തൂത്തുക്കുടി, കുട്രാലം, മണപ്പാടി എന്നിവിടങ്ങളിലായിരുന്നു റിച്ചിയുടെ ചിത്രീകരണം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ