കുട്ടികളുടെ സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണമായ ജൂഡ് ആന്റണിയും നിവിന്‍ പോളിയും ഒന്നിച്ച ഷോര്‍ട്ട് ഫിലിം പുറത്തുവന്നു. ലൈംഗിക ചൂഷണത്തിന് ഇരയാവാതിരിക്കാന്‍ കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കുന്നതാണ് ഷോര്‍ട്ട് ഫിലിമിന്റെ ഉള്ളടക്കം.

ബാലലൈംഗിക പീഡന വാര്‍ത്തകള്‍ കണ്ടപ്പോള്‍, ബന്ധുക്കളടക്കം കുട്ടികളെ പീഡിപ്പിക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഒരു കൊച്ചു കുഞ്ഞിന്റെ പിതാവ് കൂടിയായ തനിക്ക് കുഞ്ഞുങ്ങള്‍ക്ക് ഒരു ബോധവല്‍കരണം എടുക്കണമെന്ന് തോന്നിയതാണ് ഈ ഷോര്‍ട്ട് ഫിലിമിലേക്ക് നയിച്ചതെന്ന് ജൂഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.

നിവിന്‍ പോളി തന്റെ വളരെ അടുത്ത സുഹൃത്തും വഴികാട്ടിയും ആയതു കൊണ്ട് നിവിനോട് തന്നെ ഇത്തരത്തില്‍ ഒരു വിഡിയോ ചെയ്താലോ എന്ന് താന്‍ ചോദിച്ചതായും അപ്പോള്‍ തന്നെ നമുക്കത് ചെയ്യാം എന്ന് നിവിന്‍ സമ്മതിച്ചതു കൊണ്ടുമാണ് ഇതിലേക്ക് നീങ്ങിയതെന്നും ജൂഡ് വ്യക്തമാക്കി. കൂടുതല്‍ കുട്ടികള്‍ ഇത് കാണണം എന്ന ഉദ്ദേശം ഉള്ളതിനാല്‍ സംസ്ഥാന ബാലാവകാശ കമ്മീഷനെ താന്‍ സമീപിച്ച് ഇത്തരം വീഡിയോ ഞങ്ങള്‍ പ്രതിഫലമില്ലാതെ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അവര്‍ വളരെയധികം സന്തോഷത്തോടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്നും ജൂഡ് പറഞ്ഞു.

“ആയിടക്കാണ് ‘ബോധിനി’ എന്ന സംഘടന ഇത്തരത്തില്‍ ബാലപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒരേ ദിശയില്‍ സഞ്ചരികുന്നവര്‍ ഒന്നിക്കുന്നത് നല്ലതെന്ന് തോന്നി ഞാന്‍ അവരെ സമീപിച്ചു. വിഡിയോ ഷൂട്ടിന് ആവശ്യമായ തുക(പ്രതിഫലം ഇല്ല) അവര്‍ വഹിച്ചോളം എന്ന് സമ്മതിച്ചത് ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാണത്തിലേക്ക് നയിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എറണാകുളം സുഭാഷ് പാര്‍ക്കില്‍ ഈ ഷോര്‍ട്ട് ഫിലിമിന്റെ ഷൂട്ടിംഗിനോട് അനുബന്ധിച്ചായിരുന്നു മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ജൂഡ് ആന്റണി വിവാദത്തില്‍പെട്ടത്. പിന്നീട് കൊച്ചിന്‍ പോര്ട്ട് ട്രസ്റ്റ് പാര്‍ക്കിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ