ജയറാമിനെ നായകനാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ‘മൈ ഗ്രേറ്റ് ഗ്രാൻറ് ഫാദർ’ ജൂണിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസായി. നടൻ ടൊവിനോ തോമസാണ് തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ ട്രെയിലർ റിലീസ് ചെയ്തത്.

ചിത്രത്തിൽ ഗ്രാൻഡ് ഫാദറായിട്ടാണ് ജയറാം അഭിനയിക്കുന്നത്. ഹ്യൂമറും സസ്പെൻസുമെല്ലാമുള്ള ചിത്രം ഒരു ഫാമിലി എന്റർർടെയിനർ ചിത്രമാണെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. ജയറാമിനൊപ്പം ബാബുരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ഉത്സാഹകമ്മിറ്റി’ക്ക് ശേഷം ജയറാമും ബാബുരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മൈ ഗ്രേറ്റ് ഗ്രാൻറ് ഫാദർ’. ചിത്രത്തില്‍ രാജാമണിയും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗദ, സലിം കുമാർ, ജോണി ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.

ഷാനി ഖാദറാണ് ചിത്രത്തിന്റെ തിരക്കഥ. റാഹ ഇന്റർർനാഷണലിന്റെ ബാനറിൽ ഹസീബ് ഹനീഫാണ് ഗ്രാന്റ് ഫാദര്‍ നിര്‍മിക്കുന്നത്. ചിത്രം ഈദ് റിലീസായിട്ടായിരിക്കും തിയേറ്ററുകളിൽ എത്തുക.

Read more: Lonappante Mammodisa Review: ഇങ്ങനെയാണ് ജയറാം തിരിച്ചു വരേണ്ടത്

‘ലോനപ്പന്റെ മാമോദീസ’യായിരുന്നു അവസാനം തിയേറ്ററുകളിലെത്തിയ ജയറാം ചിത്രം. കുടുംബപശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ചിത്രം ലോനപ്പന്റേയും അവന്റെ മൂന്ന് സഹോദരിമാരുടേയും കഥയാണ് പറഞ്ഞത്. ശാന്തി കൃഷ്ണ, നിഷാ സാരംഗ്, ഇവ പവിത്രന്‍, ദിലീഷ് പോത്തൻ, കനിഹ, അന്ന രാജൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ മാര്‍ക്കോണി മത്തായി’യാണ് ഇനി റിലീസിനെത്താനുള്ള മറ്റൊരു ജയറാം ചിത്രം. ചിത്രത്തിൽ ജയറാമിനൊപ്പം വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്.

Read more: മക്കള്‍ സെല്‍വന്‍ മലയാള മണ്ണില്‍; മാര്‍ക്കോണി മത്തായിയില്‍ ജയറാമിനൊപ്പം

സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആത്മീയ നായികയാവുന്നു. അജു വര്‍ഗ്ഗീസ്,ഹരീഷ് കണാരന്‍,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാര്‍ത്ഥ് ശിവ,സുധീര്‍ കരമന,മാമുക്കോയ,കലാഭവന്‍ പ്രജോദ്,സുനില്‍ സുഖദ,ശിവകുമാര്‍ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സനില്‍ കളത്തില്‍,റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു. അനില്‍ പനച്ചൂരാന്‍,ബി കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു.എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook