മുംബൈ: തിരക്കേറിയ മുംബൈയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ ട്രെയിനിന് മുമ്പിലേക്ക് വീണുപോകുന്നത് സാധാരണ സംഭവമായി മാറിയിട്ടുണ്ട്. സബര്‍ബന്‍ റെയില്‍വെ സംവിധാനത്തില്‍ ദിനംപ്രതിയാണ് ആളുകള്‍ റെയില്‍വെ പാളത്തില്‍ വീണു മരിക്കുന്നത്. ട്രാക്കില്‍ വീണു പോകുന്ന ചിലര്‍ വളരെ അത്ഭുതകരമായി രക്ഷപ്പെടുന്ന സംഭവവും നമ്മള്‍ കണ്ടിട്ടുണ്ട്.

ജൂണ്‍ 23ന് ഗഡ്കോപര്‍ സ്റ്റേഷനിലും ഇത്തരമൊരു സംഭവത്തിനാണ് യാത്രക്കാര്‍ ദൃക്സാക്ഷികളായത്. സ്റ്റേഷനിലെത്തിയ യാത്രക്കാരും  ദൃശ്യങ്ങള്‍ പകര്‍ത്തിയ സിസിടിവി പോലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ട്രെയിനിന് മുമ്പിലേക്ക് സ്ത്രീ എടുത്ത് ചാടിയെങ്കിലും ട്രെയിന്‍ വിട്ടുപോയപ്പോള്‍ അവരുടെ പൊടി പോലും കാണാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

എന്നാല്‍ മിനുറ്റുകള്‍ക്കുളളില്‍ രക്ഷപ്പെട്ട സ്ത്രീയെ സ്റ്റേഷനിലെ മറ്റ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞു. സ്റ്റേഷനില്‍ ട്രെയിന്‍ സാവധാനം നീങ്ങിയപ്പോള്‍ ഇവര്‍ പാളത്തില്‍ നിന്നും നുഴഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് വിവരം.

രണ്ട് മാസം മുമ്പ് ഫോണില്‍ സംസാരിച്ച് റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെ 19കാരിയും സമാനമായി രക്ഷപ്പെട്ടിരുന്നു. മുംബൈയിലെ കുര്‍ള റെയില്‍വെ സ്റ്റേഷനിലായിരുന്നു അന്നത്തെ സംഭവം.
ഭാന്‍ദൂപ് സ്വദേശിനിയായ പ്രതീക്ഷ നടേക്കറാണ് അപകടത്തില്‍പെട്ടത്. ഹെഡ്ഫോണില്‍ സംസാരിച്ച് പാളം മുറിച്ച് കടക്കുന്നതിനിടെ പ്രതീക്ഷയെ ട്രെയിനിടിച്ചു വീഴ്‍ത്തുകയായിരുന്നു. അടുത്തെത്തിയപ്പോള്‍ മാത്രമാണ് പ്രതീക്ഷ ട്രെയിന്‍ കണ്ടത്. പരിഭ്രാന്തിയിലായ പ്രതീക്ഷ പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ട്രാക്കില്‍ നിന്നും എടുത്ത് ചാടാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ ഇടിച്ചു വീഴ്ത്തി.

പെണ്‍കുട്ടി മരിച്ചെന്നാണ് എല്ലാവരും കരുതിയതെങ്കിലും ട്രെയിനിന് അടിയില്‍ കമിഴ്ന്ന് കിടന്ന പ്രതീക്ഷ മുഖത്തേറ്റ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ