മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന വില്ലൻ എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടു. കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ബി.ഹരിനാരായണന്റെ വരികൾ കെ.ജെ.യേശുദാസാണ് ആലപിച്ചിരിക്കുന്നത്.

മാത്യു മഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ്‌ പൊലീസ് ഓഫീസറുടെ ത്രസിപ്പിക്കുന്ന കഥയുമായാണ് ബി.ഉണ്ണികൃഷ്ണന്‍റെ വില്ലന്‍ ഒരുങ്ങുന്നത്. കേന്ദ്ര കഥാപാത്രമായി എത്തുന്ന മോഹന്‍ലാലിന്‍റെ  സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ ഗെററ്റപ്പിലുള്ള പോസ്റ്ററും ടീസറും ഗാനങ്ങളുമെല്ലാം ആരാധകര്‍ നെഞ്ചേറ്റി കഴിഞ്ഞു.

രാജ്യത്തെ മുന്‍ നിര നിര്‍മ്മാതാക്കളില്‍ ഒരാളായ റോക്ക് ലൈന്‍ വെങ്കിടേഷ് ആണ് വില്ലന്‍റെ നിർമാതാവ്. സല്‍മാന്‍ ഖാന്‍ നായകനായ ബജ്‌രംഗി ഭായ്ജാന്‍, രജനികാന്ത്, അനുഷ്ക ഷെട്ടി എന്നിവര്‍ അഭിനയിച്ച ലിങ്ക എന്നീ ചിത്രങ്ങളുടെയെല്ലാം നിർമാതാവായ വെങ്കിടേഷ് ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണ് വില്ലന്‍. മൂന്ന് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും എന്നാണറിയുന്നത്.

തമിഴ് നടീ നടന്മാരായ ഹന്‍സികയും വിശാലും മലയാളത്തിലേക്ക് ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് വില്ലന്. ശക്തിവേല്‍ പളനിസ്വാമി ആയി വിശാല്‍ എത്തുമ്പോള്‍ ശ്രേയ എന്ന കഥാപാത്രത്തെയാണ് ഹന്‍സിക അവതരിപ്പിക്കുന്നത്‌. മഞ്ജു വാര്യരും പ്രധാനപെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

4മ്യൂസിക് എന്ന ബാന്‍ഡ് ആണ് വില്ലന്‍റെ സംഗീതം നിർവഹിക്കുന്നത്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരി നാരായണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍. യേശുദാസ്, ശക്തിശ്രീ ഗോപാലന്‍, നിരഞ്ജ് സുരേഷ്, ഹരിത ബാലകൃഷ്ണന്‍, രാശി ഖന്ന എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ജൂലൈ മാസം തന്നെ റിലീസ് ചെയ്തിരുന്നു.

വിണ്ണയ് താണ്ടി വരുവായ, ധ്രുവ നക്ഷത്രം തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനോജ്‌ പരമഹംസയാണ് വില്ലന്‍റെ സിനിമാട്ടോഗ്രാഫര്‍. 8 k എന്ന കൂടിയ ദൃശ്യ നിലവാരത്തില്‍ തയാറാകുന്ന ആദ്യ മലയാള ചിത്രമാണ് വില്ലന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ