ഏതാണ്ട് നാല് പതിറ്റാണ്ട് കാലമായി മലയാള സിനിമയിലെ അവിഭാജ്യഘടകങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും താരരാജാക്കന്‍മാരായി വിലസുമ്പോഴും പരസ്പരം സൗഹൃദം നിലനിര്‍ത്താനും സമയം കിട്ടുമ്പോഴൊക്കെ ഒന്നിച്ചഭിനയിയ്ക്കാനും ശ്രദ്ധിക്കാറുണ്ട്. 1982 ല്‍ ആ ദിവസം എന്ന ചിത്രത്തിലൂടെ ഒന്നിച്ച് അഭിനയിച്ച് തുടങ്ങിയ ഇരു സൂപ്പര്‍താരങ്ങളും ഏകദേശം 50ല്‍ അധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച് കഴിഞ്ഞു.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇത്രയും സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ഒരേ ഭാഷയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. രണ്ടു പേരും അവരവരുടെ അസാമാന്യ അഭിനയ പാഠവം കൊണ്ട് മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും നല്‍കി ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി ഇന്ത്യന്‍ സിനിമയില്‍ തന്നെ തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്നു.

അതേ സമയം, എക്കാലത്തും ചേരിതിരിഞ്ഞ് നില്‍ക്കുന്നവരാണ് ഇരുവരുടേയും ആരാധകര്‍. ഏതാണ്ട് 10 വര്‍ഷം മുമ്പ് വരെ കേരളത്തിലെ ഓണം ഉള്‍പ്പടെയുള്ള ഉല്‍സവ കാലങ്ങളില്‍ ഇരുവരുടേയും ഒന്നിലധികം ചിത്രങ്ങള്‍ ഒരേ സമയം പ്രദര്‍ശനത്തിനെത്തിയിരുന്നു. ആ സമയങ്ങളിലെല്ലാം ഇവരുടെ ആരാധകര്‍ തമ്മില്‍ കടുത്ത വാഗ്വാദങ്ങളും ചിത്രങ്ങളുടെ വിജയപരാജയങ്ങളെ ചൊല്ലി തര്‍ക്കങ്ങളും പതിവായിരുന്നു.

പോരാത്തതിന് ആരാധകരോട് ഇരുവരുടേയും പെരുമാറ്റങ്ങളെ ഇകഴ്ത്തിയും പുകഴ്ത്തിയും ചര്‍ച്ചകളും നടക്കാറുണ്ട്. അത്തരത്തിലൊരു ചര്‍ച്ചയ്ക്കാണ് സോഷ്യല്‍മീഡിയ വീണ്ടും വേദിയാകുന്നത്. വിദേശത്ത് വെച്ച് ആരാധകരോടുള്ള മോഹന്‍ലാലിന്റെ പെരുമാറ്റമാണ് മമ്മൂട്ടി ആരാധകര്‍ക്ക് ആയുധമായത്. ചുംബിക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടി മാറ്റുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മോഹന്‍ലാല്‍ ആരാധകരെ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയും ചെയ്യാറുണ്ടെന്ന് പറയുന്ന ആരാധകര്‍ എവിടെ പോയെന്ന ചോദ്യത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കൂടെ മമ്മൂട്ടി ആരാധകരെ ചേര്‍ത്ത് നിര്‍ത്തി എടുത്ത ഫോട്ടോകളും നവമാധ്യമങ്ങളില്‍ പ്രചരിച്ചു. വീഡിയോ ഇതിനകം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലുള്ള മോഹന്‍ലാല്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനാണ് വിദേശത്തത് എത്തിയതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ