അഞ്ചര കോടിയുടെ ലംബോര്‍ഗിനി അവെന്റഡോഡര്‍ ഏഴു ലക്ഷം രൂപയ്ക്ക് കിട്ടിയാലോ? പറ്റില്ല എന്നാ കരുതാന്‍ വരട്ടെ. ഒരു ഹോണ്ട സിറ്റി കാറും ഏഴര ലക്ഷവും ഉണ്ടെങ്കില്‍ ലംബോര്‍ഗിനി അവെന്റഡോഡര്‍ ഉണ്ടാക്കാം എന്ന് കാണിച്ചു തരുന്നു ഒരു കൂട്ടം യുവാക്കള്‍.

ഒരു വണ്ടി വാങ്ങിച്ചു സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചു മോഡിഫൈ ചെയ്ത് അടിമുടി മാറ്റുന്നത് ഇന്ന് സാധാരണമാണ്. കമ്പനി നല്‍കുന്ന ഡിസൈനും കളറും മാറ്റി സ്വന്തമിഷ്ടം പോലെ വണ്ടി മാറ്റി പണിയുന്നത് വണ്ടികളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു ഹരമാണ്. എന്നാല്‍ മോഡിഫിക്കേഷനില്‍ പുതിയ തരംഗം സൃഷ്ടിക്കുകയാണ് ജയ്പൂരില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കള്‍. ഒരു ഹോണ്ട സിറ്റിയെ ലംബോര്‍ഗനി അവെന്റഡോഡര്‍ ആക്കി മാറ്റിയിവര്‍.

ജയ്പൂര്‍ ജീപ്പ് ലവേഴ്‌സ് എന്ന ഒരു കൂട്ടം യുവാക്കള്‍ ആണ് ഹോണ്ട സിറ്റി സെഡാനെ ലംബോര്‍ഗിനിയാക്കി മാറ്റിയത്. 2006 മോഡല്‍ ഹോണ്ട സിറ്റി സെഡ്.എക്‌സ് ലബോര്‍ഗിനിയാക്കി മാറ്റുന്നതിനു കാറുള്‍പ്പെടെ ഏഴര ലക്ഷം രൂപയാണ് ഇവര്‍ക്ക് ചിലവായത്. കാറിന്റെ ലുക്ക് അടിമുടി മാറ്റിയതിന്റെ കൂടെ തന്നെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ബംബറുകളും സൈഡ് സ്‌കര്‍ട്ട്‌സും ഇതിന്റെ പ്രത്യേകതകളാണ്. കൂടാതെ സിസ്സര്‍ ഡോറുകളുമുണ്ട്. ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍ ഒന്നുമില്ല കാറിനെങ്കില്‍ കൂടി വണ്ടിക്കു കൊടുത്തിരിക്കുന്ന കളറും ഡിസൈനും വിലപിടിപ്പുള്ള ഒരു സൂപ്പര്‍ കാറാണിതെന്നു ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുമെന്നതുറപ്പാണ്. കാര്‍ മോഡിഫൈ ചെയ്യുന്ന വീഡിയോയും ഇവര്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ