ഈ ക്രിസ്മസിന് ആഘോഷം ഉറപ്പിക്കാൻ എത്തുകയാണ് മാസ്റ്റർ പീസ് എന്ന മാസ് ചിത്രത്തിലൂടെ മമ്മൂട്ടി. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് വന്നു. ആക്ഷനും മാസും നിറഞ്ഞതാണ് സിനിമയെന്ന് വ്യക്തമാക്കുന്നതാണ് ടീസർ.

എഡ്ഡി എന്ന എഡ്വേർഡ് ലിവിംഗ്സ്റ്റർ എന്ന കോളേജ് അദ്ധ്യപകനായിട്ടാണ് മമ്മൂട്ടി മാസ്റ്റർപീസിൽ എത്തുന്നത്. പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്ന അജയ് വാസുദേവാണ്. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതൽമുടക്കിൽ മാസ്റ്റർപീസ് ഒരുക്കിയിരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം ക്യാംപസിലേക്ക് എത്തുന്ന മമ്മൂക്ക തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റാകുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദൻ, ദിവ്യദർശൻ, മക്ബൂൽ സൽമാൻ, കൈലാഷ്, വരലക്ഷമി ശരത്കുമാർ,പൂനംബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണനിരക്കുന്നു.

നൂറു ദിവസത്തിന് മുകളിൽ ചിത്രീകരണ ദിവസങ്ങളും തെന്നിന്ത്യയിലെ അഞ്ച് ആക്ഷൻ കൊറിയോഗ്രാഫർമാർ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സ്റ്റണ്ട് സിൽവ, കനൽക്കണ്ണൻ, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റർ, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ