മറുത്തൊന്നും പറയാതെ ഹൃദയത്തിലേക്കിറങ്ങിയതാണ് ആ ഗാനം. എന്നെ നോക്കി പായും തോട്ടാ എന്ന ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനം റിലീസ് ചെയ്‌തിട്ട് ഒന്നര മാസം ആയെങ്കിലും ഇപ്പോഴും ഹിറ്റ് ലിസ്റ്റിൽ ഒന്നാമതാണ്. എല്ലാവരുടെയും ചുണ്ടുകളിൽ എന്നും ആ ഗാനം മൂളിക്കൊണ്ടേയിരിക്കുന്നു..

സിദ് ശ്രീറാമിന്റെ വശ്യമായ ആലാപാനം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ഗാനത്തിന്റെ സംഗീത സംവിധായകൻ ആരെന്നത് സംബന്ധിച്ച് ആരാധകർ കുറേയലഞ്ഞു. അണിയറ പ്രവർത്തകർ Mr.X എന്നു പറഞ്ഞ ആ സംഗീത സംവിധായകന്റെ പുറകേയായിരുന്നു ആരാധകർ. നടന്‍ കൂടിയായ ദര്‍ബുകാ ശിവയാണ് ഗാനത്തിന്റെ സംഗീത സംവിധായകൻ എന്ന് ഇതിനിടെ ഊഹാപേഹങ്ങളും ശക്തമായി. കിടാരി എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ആരാധക പ്രശംസ പിടിച്ചുപറ്റിയ ദര്‍ബുകാ ശിവയാണ് ഈ ഗാനത്തിനും സംഗീതം നൽകിയത് എന്ന വാർത്തകൾ പക്ഷേ അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.

താമരയാണ് ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ഈണവും താളവും വരികളും ആലാപന മാധുര്യവുംകൊണ്ട് മറുവാർത്തൈ പേസാതെ ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. 78 ലക്ഷത്തിലധികം പേരാണ് ഈ ഗാനം യൂട്യൂബിൽ മാത്രം കേട്ടത്. ഗാനത്തോട് അടിമപ്പെട്ടുപോയെന്നും വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നുവെന്നുമാണ് ആരാധകരുടെ കമന്റുകൾ.

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന എന്നെ നോക്കി പായും തോട്ടാ എന്ന ചിത്രത്തിൽ ധനുഷാണ് നായകൻ. മേഘ ആകാശാണ് നായികയായി എത്തുന്നത്. മലയാളിയായ ജോമോൻ ടി.ജോൺ ആണ് ചിത്രത്തിന്റെ ഛാടാഗ്രാഹകൻ. ചിത്രം ഇറങ്ങുന്നതിനു മുൻപുതന്നെ ഗാനം ഇത്രയേറെ വൈറലായതുകൊണ്ട് റൊമാന്റിക് ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അപ്പോഴും ചുണ്ടുകളിൽ ഒരു പാട്ട് മാത്രം.. മറുവാര്‍ത്തൈ പേസാതെ…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ