മഞ്ജിമ മോഹൻ നായികയാവുന്ന ‘സംസം’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. കങ്കണ റണാവത്ത് തകർത്ത് അഭിനയിച്ച ബോളിവുഡ് ചിത്രം ‘ക്യൂനി’ന്റെ മലയാളം റിമേക്കാണ് ‘സംസം’. കല്യാണത്തലേന്ന് വരൻ വിവാഹത്തിൽ നിന്നു പിന്മാറുമ്പോൾ തകർന്നു പോവുന്ന ഒരു പെൺകുട്ടി മുൻകൂട്ടി ബുക്ക് ചെയ്യപ്പെട്ട ഹണിമൂൺ യാത്രയ്ക്ക് തനിയെ പോവാൻ തീരുമാനിക്കുകയാണ്. ആ ലോകയാത്രയിൽ അവളെ കാത്തിരിക്കുന്ന അനുഭവങ്ങളും കണ്ടെത്തലുകളും ഒരു വ്യക്തിയെന്ന രീതിയിൽ ആ യാത്ര അവളിലുണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമൊക്കെയാണ് ‘സംസം’ പറയുന്നത്.

തലശ്ശേരിയിലെ ഒരു ചെറിയ പട്ടണത്തിൽ വളർന്ന സമ നസ്റീൻ എന്ന പെൺകുട്ടിയായാണ് മഞ്ജിമ അഭിനയിക്കുന്നത്. ‘ഇളവെയിലിനോട് കിന്നാരം ചൊല്ലുന്ന മൊഞ്ചത്തി പെണ്ണ്’ എന്നാണ് നായികയെ സംസം ടീം പരിചയപ്പെടുത്തുന്നത്. സണ്ണി വെയ്നാണ് ചിത്രത്തിലെ നായകൻ. നീലകണ്ഠ ചിത്രത്തിന്റെ സംവിധാനവും മനു കുമാർ നിർമാണവും നിർവ്വഹിച്ചിരിക്കുന്നു.

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ക്യൂനിന് റീമേക്കുകൾ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ തമന്നയും തമിഴില്‍ കാജല്‍ അഗര്‍വാളും കന്നഡയില്‍ പരുള്‍ യാദവുമാണ് ക്യൂൻ നായികമാർ. തമിഴിൽ ‘പാരീസ് പാരീസ്’ എന്നും തെലുങ്കിൽ ‘ദാറ്റ് ഈസ് മഹാലക്ഷ്മി’ എന്നും കന്നഡയിൽ ‘ബട്ടർ ഫ്ളൈ’ എന്നുമാണ് ചിത്രങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രങ്ങൾ ഒരേ സമയം നാലു ഭാഷകളിലും റിലീസിനെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook