മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സേതു സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ലെ മനോഹരമായ പ്രണയഗാനം പുറത്തിറങ്ങി. ‘മാനത്തെ മാരിവില്‍’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും മൃദുല വാര്യരും ചേര്‍ന്നാണ്. മമ്മൂട്ടി, ലക്ഷ്മി റായ്, അനു സിതാര തുടങ്ങിയവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് ഓണച്ചിത്രമായി ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ പ്രദര്‍ശനത്തിനെത്തേണ്ടതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വന്ന മഴയിലും പ്രളയത്തിലും കേരളം വലഞ്ഞപ്പോള്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. സെപ്റ്റംബര്‍ രണ്ടാംവാരം ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും പ്രതീക്ഷിക്കാം.

തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിന്റെ ബ്ലോഗ് എഴുത്തുകാരന്റെ വിവരണത്തിലാണ് കഥ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഷംന കാസിം എത്തുന്നത്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബിജി പാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി.മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സേതുവിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ മമ്മൂട്ടിക്ക് വലിയ പ്രതീക്ഷയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook