മെഗാസ്‌റ്റാർ മമ്മുട്ടി നിത്യാനന്ദ ഷേണായിയായെത്തുന്ന പുത്തൻപണത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കാസർഗോഡ് ഭാഷ സംസാരിക്കുന്ന കഥാപാത്രമായാണ് മമ്മൂട്ടി പുത്തൻപണത്തിലെത്തുന്നത്. രഞ്ജിത്താണ് പുത്തൻപണത്തിന്റെ സംവിധായകൻ.

അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയതും നോട്ടിനായുളള നെട്ടോട്ടവും കള്ളപ്പണത്തിന്റെ കഥകളും സമകാലിക സംഭവങ്ങളും പുത്തൻപണത്തിൽ തെളിയുമെന്നാണ് സൂചന.

ഇതിന് മുൻപ് മമ്മൂട്ടിയും രഞ്‌ജിത്തും ഒന്നിച്ചപ്പോൾ മലയാളികൾക്ക് എന്നെന്നും ഓർമിക്കാവുന്ന ചിത്രങ്ങളാണ് പിറന്നത്. കൈയ്യൊപ്പ്, പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്‌ന്റ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഇതിനു മുൻപ് ഒരുമിച്ചത്. 2013 പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുകുട്ടിയിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.

മമ്മൂട്ടിയെ കൂടാതെ രഞ്ജി പണിക്കര്‍, മാമുക്കോയ, സിദ്ദിഖ്, ഇനിയ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഓം‌പ്രകാശ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ സംഗീതം ഷഹബാസ് അമനാണ്. വിഷുവിനോടടുപ്പിച്ച് പുത്തൻപണം തിയേറ്ററിലെത്തും. രഞ്‌ജിത്ത് ഉൾപ്പടെയുളള മൂന്ന് പേരുടെ സംരംഭമായ ത്രി കളേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. അബ്രഹാം മാത്യു, രഞ്‌ജിത്ത്, അരുൺ നാരായണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ