‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഒരൊറ്റ പാട്ടോടെ മലയാളികളുടെ മനസില്‍ ഇരിപ്പുറപ്പിച്ച അരിസ്റ്റോ സുരേഷ് പുതിയ പാട്ടുമായി എത്തിയിട്ടുണ്ട്. ഇത്തവണ മമ്മൂട്ടി ചിത്രം പരോളിലാണ് അദ്ദേഹം പാടി അഭിനയിച്ചിരിക്കുന്നത്. ‘പരോള്‍ കാലം നല്ലൊരു പരോള്‍ കാലം’ എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നതും സുരേഷ് തന്നെയാണ്. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോളിന്റെ ട്രെയിലറും ഡിജിറ്റല്‍ ഫ്‌ളിപ്പ് ബുക്കുമെല്ലാം നേരത്തേ തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞതാണ്.

കര്‍ഷകനായ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അലക്സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബാഹുബലിയിലെ കാലകേയനിലൂടെ ശ്രദ്ധേയനായ പ്രഭാകറും പരോളില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. ലാലു അലക്സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാര്‍ച്ച് 31ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ചില സാങ്കേതി തടസങ്ങള്‍ മൂലം റിലീസ് ഏപ്രിലിലേക്കു മാറ്റി വയ്ക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ