മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന ‘ദ പ്രീസ്റ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഹരിനാരായണന്‍ എഴുതിയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

മമ്മൂട്ടി ചിത്രങ്ങളിൽ പലപ്പോഴും മനോഹരമായ ഭക്തിഗാനങ്ങൾ ഉണ്ടാകാറുണ്ട്. പ്രീസ്റ്റിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതും അത്തരമൊരു ഭക്തിഗാനമാണ്. എന്നാൽ ഭക്തിക്കൊപ്പം അൽപ്പം നിഗൂഢതയുമുണ്ട്. മഞ്ജുവാര്യർ, നിഖില വിമൽ, സാനിയ ഇയ്യപ്പൻ എന്നിവരെയാണ് ലിറിക്കൽ വീഡിയോയിൽ കാണാനാകുന്നത്.

‘ദ പ്രീസ്റ്റ്’ ഫെബ്രുവരി നാലിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നത്. ദിവസങ്ങൾക്കു മുൻപാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ഒരു വർഷം മുൻപ് റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിലേതു പോലെ അടിമുടി ദുരൂഹത നിറഞ്ഞ ഒന്നാണ് ടീസറും.

നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ. സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ.

Read More: ‘ഈ അച്ചൻ എന്നാ ചുള്ളനാ!’; പ്രീസ്റ്റിലെ മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് ആന്റോ ജോസഫ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook