മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്ക് ‘നിമിർ’ ട്രെയിലർ പുറത്തിറങ്ങി. മൂന്നാമത്തെ പോസ്റ്ററാണ് പുറത്തുവന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകനായി എത്തുന്നത്.

അപര്‍ണാ ബാലമുരളിയുടെ റോളില്‍ നമിതാ പ്രമോദും മലയാളത്തില്‍ അനുശ്രീ അവതരിപ്പിച്ച റോളില്‍ പാര്‍വതി നായരുമാണ് എത്തുന്നത്. മലയാളത്തില്‍ അലന്‍സിയര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ വേഷമിടുന്നത് എം എസ് ഭാസ്കര്‍ ആണ്. സുജിത് ശങ്കറിന്റെ വേഷത്തില്‍ സമുദ്രക്കനിയാണ് തമിഴിലെത്തുന്നത്.

മലയാളത്തില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ സിനിമ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. ശ്യാം പുഷ്കരന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

പ്രിയദര്‍ശന്‍റെ ‘ഒപ്പം’ ക്യാമറയിലാക്കിയ ഏകാംബരം തന്നെയാണ് മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്കിന്‍റെയും ഛായാഗ്രാഹകന്‍. മൂണ്‍ ഷോട്ട് എന്‍റര്‍ടെയ്ന്‍‌മെന്‍റ് ചിത്രം നിര്‍മ്മിക്കും.

പ്രിയദര്‍ശന്‍ തമിഴില്‍ തുടര്‍ച്ചയായി മികച്ച സിനിമകള്‍ മാത്രമാണ് എടുക്കാറുള്ളത്. അദ്ദേഹത്തിന്‍റെ കഴിഞ്ഞ തമിഴ് ചിത്രം ‘സില സമയങ്ങളില്‍’ അന്താരാഷ്ട്ര പ്രശസ്തി നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ