കമിതാക്കളുടേയും ദമ്പതികളുടേയും ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ കാര്യമാണ് അവരുടെ സ്വകാര്യ നിമിഷങ്ങള്‍. എന്നാല്‍ പലപ്പോഴും ഈ നിമിഷങ്ങള്‍ കൗതുകപൂർവം ഫോണ്‍ ക്യാമറയിലാക്കാന്‍ ഇഷ്ടപ്പെടുന്നവരും ഉണ്ട്. ലോകത്തെമ്പാടു നിന്നും പലരുടെയും സ്വകാര്യനിമിഷങ്ങളുടെ വിഡിയോകൾ പലപ്പോഴും പൊതുമാധ്യമത്തിൽ എത്താറുണ്ട്. ചിലപ്പോൾ രണ്ടു പേരുടെയും അറിവോടെ, ചിലപ്പോൾ ഒരാളുടെ മാത്രം അറിവോടെ, മറ്റു ചിലപ്പോൾ രണ്ടുപേരും അറിയാതെ എടുത്തവ.

സ്മാർട്ട് ഫോണുകളുടെ കാലത്ത് ഈ വിഡിയോ എടുക്കൽ ഒന്നും പ്രയാസമുള്ള കാര്യമല്ല. പക്ഷെ സ്മാർട്ട് ഫോണിന്റെയും ഇന്റർനെറ്റിന്റെയും ലോകത്തിന് ചില ദൂഷ്യവശങ്ങളുണ്ട്. ഒരിക്കൽ എടുത്താൽ പിന്നെ വിഡിയോ ചിലപ്പോള്‍ നമ്മുടെ ജീവിതം തന്നെ തകര്‍ത്തേക്കാം. ഇതിനെ കുറിച്ച് ഒരു കോണ്ടം കമ്പനി തയാറാക്കിയ ചെറു വിഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. വധുവരന്മാര്‍ തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കാനായി ഒരിടത്ത് എത്തിയിരിക്കുന്നതാണ് പശ്ചാത്തലം. എന്നാല്‍ പിറ്റേന്ന് രാവിലെ യുവാവിന്റെ ഫോണ്‍ നഷ്ടപ്പെടുന്നു. ഫോണിലേക്ക് വിളിച്ച് നോക്കിയപ്പോള്‍ ആദ്യം റിങ് ചെയ്തെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഫോണില്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയിട്ടുണ്ടല്ലോ എന്ന് തിരിച്ചറിയുന്ന ദമ്പതികള്‍ എന്ത് ചെയ്യണമെന്നറിയാതെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നു പോകുന്നു.

ഒരു സർവേ പ്രകാരം അഞ്ച് ദമ്പതികളില്‍ ഒരാള്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ വിഡിയോയില്‍ പകര്‍ത്താറുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് വിഡിയോയിലെ സന്ദേശത്തില്‍ പറയുന്നു. സുരക്ഷിതമായ ലൈംഗിക ബന്ധവും ഈ സമയം ഫോണ്‍ അകറ്റി നിര്‍ത്തേണ്ടതിന്റെ ആവശ്യവും മാന്‍ഫോഴ്സ് കോണ്ടം തയാറാക്കിയ വിഡിയോയിലെ സന്ദേശത്തില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ