അപ്രതീക്ഷിതമായെത്തിയ മഴയും തുടര്‍ന്നുണ്ടായ പ്രളയവും വിതച്ച നാശത്തില്‍ നിന്നും അതിജീവനത്തിന്റെ വഴിയിലാണ് കേരളം. ഓരോ ജീവിതങ്ങളും സാധാരണ ഗതിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ചത് കേരളത്തിലെ ടൂറിസം മേഖലയെ തന്നെയാണ്. കേരളത്തിന്റെ സാമ്പത്തിക മേഖലയേയും ടൂറിസത്തേയും പുനര്‍ജീവിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദ സഞ്ചാര മേഖലാ ബ്രാന്‍ഡായ സാംസൊനൈറ്റ് പുറത്തിറക്കിയ പുതിയ പരസ്യം കാഴ്ചക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്.

Read More: കേരളത്തിലെ പ്രളയക്കെടുതി, ടൂറിസം വ്യവസായത്തിന് കനത്ത നഷ്ടം

ഒരു മിനിറ്റും 40 സെക്കന്റും ദൈര്‍ഘ്യമുള്ള പരസ്യം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ടൂറിസത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരെയാണ് പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ ടാക്‌സി ഡ്രൈവര്‍മാരും, ഹോട്ടല്‍ നടത്തിപ്പുകാരും, കഥകളിക്കാരുമെല്ലാമുണ്ട്.

പ്രളയത്തിനു ശേഷം സഞ്ചാരികളുടെ വരവ് നിലച്ചതോടെ തീരത്ത് കിടക്കുന്ന ഹൌസ് ബോട്ടുകൾ

പ്രളയത്തിനു ശേഷം കേരളത്തിന്റെ ടൂറിസം നേരിടുന്ന വെല്ലുവിളികളാണ് വീഡിയോയില്‍ ദൃശ്യവത്കരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് പോകാന്‍ ഒരിടം വേണമെന്ന പോലെ, കഥകളിക്കാര്‍ക്ക് കാണാന്‍ കാഴ്ചക്കാര്‍ വേണമെന്ന പോലെ കേരളത്തിന് വിനോദ സഞ്ചാരികളും വേണമെന്ന് ഈ പരസ്യം പറയുന്നു.

പ്രളയം മൂലം 2000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒക്ടോബര്‍ മാസങ്ങളില്‍ ബുക്ക് ചെയ്ത യാത്രകള്‍ സഞ്ചാരികള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് 1500 കോടി നഷ്ടം സംഭവിച്ചതായി ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ