കൊച്ചി: നരന്‍ എന്ന സിനിമയിലെ ശൂരം പടയുടെ എന്ന ഗാനം ഇന്നും ആളുകളിലുണ്ടാക്കുന്ന ഹരം ഒന്നു വേറെ തന്നെയാണ്. ചിത്രം റിലീസ് ചെയ്ത് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും ഈ ഗാനം കേള്‍ക്കുമ്പോള്‍ ഇപ്പോഴും മലയാളിക്ക് ആവേശം തലതല്ലും. ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരം നടന്ന കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും അക്ഷരാര്‍ത്ഥത്തില്‍ അതാണ് സംഭവിച്ചത്.

മത്സരം ആരംഭിക്കാനിരിക്കെയാണ് ഗാനം സംപ്രേഷണം ചെയ്തത്. കേട്ടപാതി കേള്‍ക്കാത്ത പാതി മഞ്ഞയില്‍ കുളിച്ച സ്റ്റേഡിയം ആറാടി. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്നലെയാണ് ഐഎസ്എല്ലിന്റെ ഉദ്ഘാടനം നടന്നത്. സൽമാൻ ഖാനും സച്ചിൻ ടെൻഡുൽക്കറും കത്രീന കെയ്ഫും അണിനിരന്ന താരപ്പടയുടെ ഇടയിൽ മലയാളികളുടെ പ്രതിനിധിയായെത്തിയത് മെഗാസ്റ്റാർ ആയിരുന്നു.

സൽമാൻ ഖാനും കത്രീന കെയ്ഫും നേതൃത്വം നൽകിയ കലാപരിപാടികൾക്ക് ശേഷം സച്ചിനും നിതാ അംബാനിയും അടങ്ങുന്ന വേദിയിലേക്കായിരുന്നു മമ്മൂട്ടി ആനയിക്കപ്പെട്ടത്. ഇംഗ്ലീഷിൽ തന്നെ കാണികളോട് സംസാരിച്ച മമ്മൂട്ടി പ്രസംഗത്തിലുടനീളം കയ്യടി ഏറ്റുവാങ്ങി. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിന് നഷ്ടമായ കിരീടം ഇത്തവണ നേടുമെന്ന് മമ്മൂട്ടി ഉറപ്പിച്ചു പറയുന്നു. കേരളം മുഴുവൻ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടെന്ന് മമ്മൂട്ടി ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിനും നായകൻ സന്ദേശ് ജിങ്കനും വാക്ക് നൽകിയപ്പോൾ ആരവങ്ങളോടെ സ്റ്റേഡിയം അതേറ്റു പറഞ്ഞു.

പിന്നീട് മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ മാച്ച് ബോൾ കൈമാറാനും കളിക്കാരെ പരിചയപ്പെടാനുമെത്തിയപ്പോഴും അദ്ദേഹത്തോടൊപ്പം മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു.

കൃത്യം 6.30 നാണ് ഐഎസ്എല്ലിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കത്രീന കെയ്ഫിന്റെ തകർപ്പൻ ചുവടുകളോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്. ഷീലാ കി ജവാനി എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് കത്രീന ചുവടു വച്ചത്.

അടുത്തതായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ വേദി കീഴടക്കി. പ്രത്യേകം തയ്യാറാക്കിയ സൈക്കിളിൽ മൈതാനത്തെ വലംവച്ചതിന് ശേഷമാണ് സൽമാൻ ഖാൻ മൈതാനത്തിന് നടുവിലേക്ക് എത്തിയത്. വൻ കരഘോഷത്തോടെയാണ് ആരാധകർ സൽമാൻ ഖാനെ സ്വീകരിച്ചത്. പിന്നാലെ സൽമാൻ ഖാനും കത്രീന കെയ്ഫും ചേർന്നുള്ള ഒരു ഫ്യൂഷൻ ഡാൻസും അരങ്ങേറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook