ന്യൂഡെല്‍ഹി: “നിങ്ങള്‍ ഒരാളെ തീക്ഷ്ണമായി സ്നേഹിക്കുകയാണെങ്കില്‍ ഹൃദയവേദന എന്താണെന്ന് നിങ്ങള്‍ അനുഭവിക്കുകയില്ല. നിലാവിനെ നിങ്ങള്‍ക്ക് സ്നേഹിക്കാം, എന്നാല്‍ ചന്ദ്രന്‍ നിങ്ങളുടെ കൈക്കുള്ളില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്. നിങ്ങള്‍ സ്നേഹിക്കുന്നയാളുടെ ഉടമസ്ഥവാകാശം നിങ്ങള്‍ക്ക് വേണമെന്ന് കരുതുമ്പോഴാണ് പ്രണയം തകരുമ്പോഴുള്ള ഹൃദയവേദന നിങ്ങള്‍ അനുഭവിക്കുന്നത്”.

ഈ വാചകം ഏതെങ്കിലും റൊമാന്റിക് സിനിമയിലെയോ നോവലിലെയോ ആണെന്ന് കരുതിയാല്‍ തെറ്റി. പ്രണയത്തോടും പ്രണയത്തകര്‍ച്ചയോടുമുള്ള ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ അഭിപ്രായമാണിത്. തനിക്കും പ്രണയം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഹൃദയവേദന അനുഭവിച്ചിട്ടില്ലെന്നും കനയ്യ പറയുന്നു.

വിവാഹത്തെ കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടാണ് കനയ്യ കുമാറിനുള്ളത്. വിവാഹം എന്നത് പഴയ വ്യവസ്ഥയാണെന്നും വിവാഹത്തോടുള്ള കാഴ്ച്ചപ്പാടും അര്‍ത്ഥവും മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജന്മിത്തത്തിനും മുമ്പേ ഉള്ള വ്യവസ്ഥിതി ആണ് വിവാഹം. പുതിയ കാലത്തിന്റെ ആവശ്യം അനുസരിച്ച് വിവാഹത്തോടുള്ള കാഴ്ച്ചപ്പാട് മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാഹത്തില്‍ പ്രധാനപ്പെട്ട കാര്യമാണ് സമ്മതം. എന്നാല്‍ നമ്മള്‍ ഇപ്പോഴും സമ്മത്തിന് വില കല്‍പിക്കുന്നില്ല. പെണ്‍കുട്ടിയുടെ സമ്മതത്തേക്കാള്‍ ആണിന്റെ സമ്മതത്തിനാണ് എപ്പോഴും പ്രാധാന്യം കല്‍പിക്കപ്പെടുന്നത്. എന്നാല്‍ ലിംഗസമത്വമാണ് വിവാഹത്തില്‍ ഉറപ്പ് വരുത്തേണ്ടതെന്നും കനയ്യ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി സംഘടനയായ ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷന്റെ നേതാവാണ് കനയ്യ. 2016 ഫെബ്രുവരിയിൽ ഒരു വിദ്യാർത്ഥി റാലിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എന്ന കുറ്റം ചുമത്തി ഡൽഹി പോലീസ് കനയ്യ കുമറിനെ അറസ്റ്റു ചെയ്തു. 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് അഫ്സൽ ഗുരുവിനെ 2013-ൽ തൂക്കിക്കൊന്നതിനെതിരേയും അഫ്സൽ ഗുരുവിന്റെ സ്മരണയ്ക്കു വേണ്ടിയുമായിരുന്നു ഈ റാലി സംഘടിപ്പിക്കപ്പെട്ടത്. കനയ്യയുടെ അറസ്റ്റ് പിന്നീട് വലിയൊരു രാഷ്ട്രീയവിവാദമായി മാറി.

അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധ നേടിയ ഈ സംഭവത്തെ നോം ചോംസ്കി അടക്കമുള്ളവർ വിമർശിക്കുകയുണ്ടായി. ഇന്ത്യയെ ഭരിച്ചിരുന്നവർ നാട്ടുകാരെ തളയ്ക്കാൻ ഉണ്ടാക്കിയ രാജ്യദ്രോഹവകുപ്പുകൾ ചേർത്ത് ഒരു വിദ്യാർത്ഥിയ്ക്കെതിരെ കുറ്റം ചുമത്തിയത് ഏകാധിപത്യപ്രവണതയാണെന്നും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് നോം ചോംസ്കിയും മീരാ നായരും ഓർഹൻ പാമുക്കും അടക്കം 87 പെർ ഒപ്പിട്ട് ഇറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞു.

കനയ്യ കുമാര്‍ ദേശദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന് ആദ്യം പറഞ്ഞ് ഡെല്‍ഹി പൊലീസ് പിന്നീട് നിലപാട് മാറ്റിയാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും കനയ്യയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

ജയിൽ മോചിതനായ കനയ്യ കുമാർ ജെഎന്‍യുവിലെ നിറഞ്ഞ സദസ്സിനോട് പ്രസംഗിക്കുമ്പോൾ തങ്ങൾക്ക് ഇന്ത്യയിൽ നിന്നും അല്ല സ്വാതന്ത്ര്യം വേണ്ടത് എന്നും മറിച്ച് ഇന്ത്യയ്ക്ക് ഉള്ളിൽ ആണ് സ്വാതന്ത്ര്യം വേണ്ടത് എന്നു പറയുകയുണ്ടായി. കനയ്യ ഉയര്‍ത്തിയ ‘ആസാദി’ മുദ്രാവാക്യം സംഘപരിവാര്‍ ശക്തികളെ അസ്വസ്ഥരാക്കുകയും രാജ്യത്ത് ഉടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി മാറുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ