കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. മണിയുടെ എക്കാലത്തേയും മാസ്റ്റര്‍പീസ് ഗാനമായ ‘ചാലക്കുടി ചന്തയ്ക്കു പോയപ്പോള്‍’ എന്ന ഗാനം വീണ്ടും ചിത്രത്തിലൂടെ നമുക്ക് കേള്‍ക്കാനുള്ള അവസരമാണ് വിനയന്‍ ഒരുക്കുന്നത്. ആര്‍എല്‍വി രാമകൃഷ്ണന്‍ പാടിയ ഗാനത്തിന്റെ റീമിക്‌സ് ഒരുക്കിയിരിക്കുന്നത് റാം സുരേന്ദറാണ്. പാട്ടിന്റെ ഒടുക്കം കലാഭവൻ മണിയുടെ ആ പതിവ് ചിരിയും പ്രേക്ഷകർക്ക് കേൾക്കാം.

താരപരിവേഷങ്ങളില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച ചാലക്കുടിക്കാരനായ മണിയുടെ ജീവിതമാണ് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ പറയുന്നത്. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് ചിത്രത്തില്‍ കലാഭവന്‍ മണിയുടെ വേഷം ചെയ്യുന്നത്. സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്.പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും ചിത്രത്തിലുണ്ട്.

കലാഭവന്‍ മണിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നിവ സംവിധാനം ചെയ്തത് വിനയനായിരുന്നു. മണി എന്ന അഭിനേതാവിന്റെ ശക്തിയും കഴിവും പ്രേക്ഷകര്‍ ഈ ചിത്രങ്ങളിലൂടെ തിരിച്ചറിഞ്ഞു. സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായുമെല്ലാം വിനയന്റെ പതിമൂന്നോളം ചിത്രങ്ങളില്‍ മണി അഭിനയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook