തമിഴിന്റെ അരുമ സഹോദരങ്ങള്‍ സൂര്യയും കാര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘കടൈക്കുട്ടി സിംഗ’ത്തിന്റെ ഫസ്റ്റ് ടീസര്‍ എത്തി. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ നായകന്‍ കാര്‍ത്തിയാണ്.

ഗ്രാമപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ലുങ്കിയുടുത്ത് ബുളളറ്റ് ഓടിക്കുന്ന ഒരു കര്‍ഷകനായാണ് കാര്‍ത്തി എത്തുന്നത്. ആദ്യമായാണ് ഇരുവരും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. ചിത്രത്തില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമയുടെ തെലുങ്ക് പതിപ്പും പുറത്തിറങ്ങുന്നുണ്ട്. ‘ചിന്നബാബു’ എന്നാണ് തെലുങ്കില്‍ പേരിട്ടിരിക്കുന്നത്. ‘ആദ്യമായി ചേട്ടനുമായി ഒന്നിച്ചൊരു സിനിമ ചെയ്യുകയാണ്. നിങ്ങളുടെ അനുഗ്രഹം വേണം’ എന്നായിരുന്നു ചിത്രത്തെക്കുറിച്ച് കാര്‍ത്തി തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

നേരത്തേ തനിക്കൊരു സിനിമ സംവിധാനം ചെയ്യണമെന്നും തന്റെ ചിത്രത്തില്‍ സഹോദരന്‍ സൂര്യയെ നായകനാക്കണമെന്നും കാര്‍ത്തി പറഞ്ഞിരുന്നു. താന്‍ സംവിധാന സഹായിയായിരുന്ന കാലത്ത് അണ്ണന് വേണ്ടി ഒരു തിരക്കഥ എഴുതിയിരുന്നതായും കാര്‍ത്തി പറഞ്ഞിട്ടുണ്ട്.

തമിഴില്‍ കുടുംബകഥകളൊരുക്കുന്ന സംവിധായകന്‍ പാണ്ഡിരാജാണ് കടൈക്കുട്ടി സിംഗവും സംവിധാനം ചെയ്യുന്നത്. സൂര്യയുടെ പസങ്ക 2 എന്ന ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത് പാണ്ഡിരാജാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook