ആരാധകർക്ക് പ്രണയത്തിന്റെയും സംഗീതത്തിന്റെയും പുതിയ വസന്തം തീർത്ത് മണിരത്നം-എ.ആർ.റഹ്മാൻ കൂട്ടുകെട്ടിൽ പിറന്ന കാട്രു വെളിയിടൈ ചിത്രത്തിലെ വിഡിയോ ഗാനമെത്തി. അഴകിയേ, സരട്ടു വണ്ടിയിലാ എന്നീ ഗാനങ്ങളുടെ വിഡിയോയാണ് പുറത്തിറങ്ങിയത്. നേരത്തെ ഈ പാട്ടുകളുടെ ഓഡിയോ വേർഷൻ പുറത്തിറങ്ങിയിരുന്നു.

ഒരു പൈലറ്റും ഡോക്‌ടറും തമ്മിലുള്ള പ്രണയകഥയാണ് കാട്രു വെളിയിടൈ. കാർത്തിയും അദിതി റാവുവുമാണ് മുഖ്യ വേഷങ്ങളിൽ. പൈലറ്റായി കാർത്തിയെത്തുമ്പോൾ അദിതി റാവുയെത്തുന്നത് ഡോക്‌ടറായാണ്.

ഒരു തിയേറ്റിൽ നിന്നാണ് അഴകിയേ ഗാനത്തിന്റെ തുടക്കം. കാർത്തിയും അദിഥി റാവുവുമാണ് ഗാന രംഗത്തുളളത്. പാടുകയും ആടുകയും ചെയ്യുന്ന കാർത്തിയാണ് അഴകിയേയിലുളളത്. അത് കണ്ടും കേട്ടും ആസ്വദിക്കുന്ന അദിഥിയെയും കാണാം. ചടുലമായ നൃത്തങ്ങൾ എടുത്തു പറയേണ്ടതാണ്.

അധികം കേട്ട് ശീലമില്ലാത്ത അക്വപെല്ലയിലൂടെയാണ് പാട്ട് തുടങ്ങുന്നത്. ഗിറ്റാറിൽ തീർക്കപ്പെടുന്ന സംഗീതവും എടുത്തു പറയേണ്ടതാണ്. അഴകിയേ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് കാർക്കിയാണ്. പഞ്ചാബി വരികളെഴുതിയിിരിക്കുന്നത് നവനീത് വിർക്കും. അർജുൻ ചാണ്ടി, ഹരിചരൺ,ജൊനീറ്റ ഗാന്ധി എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. റഹ്മാന്റെ സംഗീതവും മണിരത്നത്തിന്റെ ചിത്രീകരണവും ചേരുമ്പോൾ പ്രണയത്തിന്റെ പുതിയൊരു ലോകമാണ് അഴകിയേ ഗാനം പ്രേക്ഷകർക്ക് നൽകുന്നത്.

കാട്രു വെളിയിടൈയിലെ കല്ല്യാണ പാട്ടായ സാരട്ടു വണ്ടിയിലായും പുറത്തിറങ്ങിയിട്ടുണ്ട്. വളരെ കളർഫുളളായ ഒരു കല്ല്യാണ പാട്ടാണ് സരട്ടു വണ്ടിയിലാ. രസകരമായ ചുവടുകളുമായി പാട്ടിൽ നിറഞ്ഞ് നിൽക്കുകയാണ് കാർത്തിയും അദിഥി റാവുവും.എ.ആർ.റെയ്ഹാന, ടിപ്പു, നികിത ഗാന്ധി എന്നിവരാണ് സരട്ടു വണ്ടിയിലാ ഗാനമാലപിച്ചിരിക്കുന്നത്. വരികളെഴുതിയിരിക്കുന്നത് വൈര മുത്തു. മൂന്ന് മിനുറ്റിൽ താഴെയുളളതാണ് ഈ കല്ല്യാണപാട്ട്.

മണിരത്നം സംവിധാനം ചെയ്യുന്ന 25 -ാം ചിത്രമാണിത്. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം തന്നെയാണ് ചിത്രം നിർമിക്കുന്നതും. ഊട്ടി, കൊടൈക്കനാൽ, ഹിമാചൽ പ്രദേശ്, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.കെ.പി.എ.സി.ലളിത, രുഗ്മിണി വിജയകുമാർ, ആർ.ജെ.ബാലാജി, ഡൽഹി ഗണേഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook