‘റോക്ക് ആന്റ് റോൾ’ എന്ന മോഹൻ ലാൽ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മോഡൽ കൂടിയായ റായ് ലക്ഷ്മിയാണ് ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ചാ വിഷയം. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും വിജയ നായികയായി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ച റായ് ലക്ഷ്മിയുടെ ബോളിവുഡ് ചിത്രമായ ‘ജൂലി 2’ ന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരിക്കുകയാണ്.

സിനിമാ എന്ന മായിക ലോകത്തിന് പിന്നില്‍, ഒരു സ്റ്റാര്‍ ആകാന്‍ നായികമാര്‍ സഹിക്കേണ്ട ലൈംഗിക പീഡന കഥകളെ കുറിച്ച് ജൂലി എന്ന കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ് ജൂലി ടു. അതുകൊണ്ട് തന്നെ അതീവ ഗ്ലാമറസ്സായിട്ടാണ് റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്.

റായ് ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമര്‍ പ്രകടനമാവും ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ജൂലി 2. നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2 എന്ന ചിത്രം. ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ ഹീറോയിനായി മാറുന്നതാണ് ജൂലി 2 വിന്‍റെ കഥ. കഥയും തിരക്കഥയും നിര്‍വഹിക്കുന്നതും ദീപക് തന്നെയാണ്. വിജു ഷായാണ് സംഗീതം. ദുബൈ, മുബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

മുൻ സെൻസർ ബോർഡ് അദ്ധ്യക്ഷൻ പഹ്‌ലജ് നിഹലാനിയാണ് ജൂലി 2 വിതരണം ചെയ്യുന്നതെന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ