ഫ്ലോറിഡ: ഡബ്ല്യൂ ഡബ്ല്യൂ ഇ സൂപ്പര്‍താരം ജോണ്‍ സിന സഹതാരവും കാമുകിയുമായ നിക്കി ബെല്ലയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. റെസല്‍മാനിയയിലെ 65,000 കാണികളെ സാക്ഷിയാക്കി ആയിരുന്നു വിവാഹാഭ്യര്‍ത്ഥന.

എതിരാളികളായ മിസിനോടും മേരീസിനോടുമുള്ള മിക്സഡ് മത്സരത്തിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് മുട്ടുകാലില്‍ ഇരുന്ന് സിന ബെല്ലയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. കൈയില്‍ സൂക്ഷിച്ചിരുന്ന മോതിരം ബെല്ലയ്ക്ക് നീട്ടി, സമ്മതമെന്നോണം ബെല്ല ജോണ്‍ സീനയെ ചുംബിക്കുകയും ചെയ്തു. ബെല്ലയുടെ വിരലില്‍ മോതിരം അണിയിച്ച സിന അവരെ ആലിംഗനം ചെയ്യുകയും ചെയ്തു.

ബെല്ലയോട് താന്‍ നേരത്തേ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നതായി ജോണ്‍ സിന പറഞ്ഞു. എന്നാല്‍ ഏറ്റവും വലിയ വേദിയില്‍വെച്ചായിരിക്കണം ഔദ്യോഗികമായി വിവാഹാഭ്യര്‍ത്ഥന നടത്തേണ്ടതെന്ന് കരുതിയാണ് കാത്തിരുന്നത്. ഒരു തവണ കൂടി ബെല്ല സമ്മതമാണെന്ന് പറയേണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നതായും സിന വെളിപ്പെടുത്തി.

സിന വജ്രമോതിരം അണിയിച്ചതിന് പിന്നാലെ ബെല്ല തന്റെ കുടുംബത്തോടൊപ്പം വേദിക്ക് പുറത്ത് ആഹ്ലാദം പങ്കുവെച്ചു. ബാല്യകാല സഖിയായ എലിസബത്ത് ഹബേര്‍ദയെ വിവാഹമോചനം ചെയ്ത സീന 2012 തൊട്ട് ബെല്ലയുമായി പ്രണയത്തിലാണ്. തന്നോട് സീന വിവാഹാഭ്യര്‍ത്ഥന നടത്തുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തേ ബെല്ല വ്യക്തമാക്കിയിരുന്നു. സിന ഇല്ലാതെ തനിക്ക് മുന്നോട്ട് പോവാനാവില്ലെന്നും ബെല്ല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook