മലയാളത്തിലെ ജനകീയ സിനിമയ്ക്ക് രാഷ്ട്രീയത്തിന്റെ മുഖം നല്‍കിയ സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ദീദി ദാമോദരൻ തിരക്കഥയെഴുതി പ്രേം ചന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറെത്തി. ജോണ്‍ എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്. പാപ്പാത്തി മൂവ്‌മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോണ്‍ എബ്രഹാമിന്റെ 31-ാം ചരമവാര്‍ഷികമായ മെയ് 31നാണ് ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ടീസര്‍ പുറത്തിറക്കിയത്. പ്രേംചന്ദിന്റേയും ദീദിയുടേയും മകളായ മുക്തയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളാണ് ജോണിന്റെ പ്രധാന ലൊക്കേഷന്‍. ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്ത, ഹരിനാരായണന്‍, ഡോ. രാമചന്ദ്രന്‍ മൊകേരി, പ്രൊഫ. ശോഭീന്ദ്രന്‍, മധുമാസ്റ്റര്‍, അനിത, പ്രകാശ് ബാരെ എന്നിവര്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1987 മെയ് 31ന് കോഴിക്കോട്ടെ മിഠായി തെരുവിലെ പണിനടന്നുകൊണ്ടിരുന്ന ഒയാസിസ് കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് ചാടിയാണ് ജോണ്‍ തന്റെ ജീവിതം അവസാനിപ്പിച്ചത്. നാലു സിനിമകള്‍ മാത്രമായിരുന്നു ജോണ്‍ സംവിധാനം ചെയ്തത്. വിദ്യാര്‍ത്ഥികളെ ഇതിലേ ഇതിലേ, അഗ്രഹാരത്തിലെ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, അമ്മ അറിയാന്‍ എന്നിവ.

ജോണ്‍ എബ്രഹാമിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ആര്‍ട്ടിസ്റ്റ് മദനന്‍, ചെലവൂര്‍ വേണു, സിവിക് ചന്ദ്രന്‍ ,ഷുഹൈബ്, ദീപക് നാരായണന്‍, ജീവന്‍ തോമസ്, ജോണ്‍സ് മാത്യു, ജിജോ, അര്‍ജുന്‍ ചെങ്ങോട്ട്, ഷിബിന്‍ സിദ്ധാര്‍ത്ഥ്, പ്രദീപ് ചെറിയാന്‍, മിയ നിഖില്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ സാന്നിദ്ധ്യമാകുന്നുണ്ട്.

ചിത്രത്തിന്റെ ഛാായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രാമചന്ദ്രബാബു, എം.ജെ.രാധാകൃഷ്ണന്‍, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുല്‍ അക്കോട്ട്, സൂരജ് എന്നിവരാണ്. ദേശീയ അവാര്‍ഡ് ജേതാവ് അപ്പു ഭട്ടതിരിയാണ് എഡിറ്റിങ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ