ടെലിവിഷന്‍ റിയാലിറ്റി ഷോവിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നതെങ്കിലും ജോബ്‌ കുരിയന്‍ എന്ന പാട്ടുകാരന്‍ കേരളത്തിലെ സംഗീതാരാധകര്‍ക്ക് അപരിചിതനേയല്ല. റോസ്ബോള്‍ ചാനലില്‍ പലയാവര്‍ത്തി കേട്ട് സുപരിചിതമായ ജോബ്‌ കുര്യന്‍റെ ഗാനങ്ങള്‍ ഹൃദയസ്ഥമാക്കിയ ഒരു പറ്റം യുവാക്കള്‍ എന്നും ജോബിനെ ഇഷ്ടപ്പെട്ടു. ജോബിന്റെ പാട്ടുകളില്‍ അനുഭവപ്പെടുന്ന സാര്‍വത്രികമായൊരു പുതുമയോടൊപ്പം തന്നെ കേരളീയതയുടെ അനുഭവങ്ങളും ലയിച്ചു ചേരുന്നുണ്ട്. അതിനാല്‍ തന്നെ ജോബിന്‍റെ സംഗീതം അവര്‍ തിരഞ്ഞു
കൊണ്ടിരുന്നു, ചേര്‍ത്തുപിടിച്ചു, പലയാവര്‍ത്തി ഏറ്റുപാടി.

അത് തന്നെയാണ് കേരളത്തിന്‍റെ റോക്ക് മ്യൂസിക് ലോകത്തെ പുനര്‍നിര്‍വചിച്ച അവിയല്‍ ബാന്റിന്‍റെ സംഗീതത്തിലും അവര്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ജോണ്‍ പി വര്‍ക്കി, റെക്സ് വിജയന്‍, മിഥുന്‍, നരേഷ് കമ്മത്ത് എന്നിവരുടെ റോക്ക് സംഗീതവും ആനന്ദ് ബെഞ്ചമിന്‍റെ ചിലമ്പിച്ച ശബ്ദത്തില്‍ ഏങ്ങാണ്ടിയൂര്‍ ചന്ദ്രശേഖരന്റെ അക്ഷരങ്ങളും സമന്വയിച്ചപ്പോള്‍ കേരളത്തിന്‍റെ നാട്ടുവഴികളില്‍, നാട്ടുകഥകളില്‍, നാടന്‍പാട്ടുകളില്‍ റോക്ക് മ്യൂസിക്കിന്‍റെ സാര്‍വത്രികത പടര്‍ന്നുപിടിച്ചു.പോവും പുഴ പഴംകഥയായെന്നു വൈദ്യുതീകരിച്ച ഗിത്താര്‍ അലയടിച്ചു പറഞ്ഞു, ആടും പാമ്പ് ജാസ് ഡ്രമ്മില്‍ പുനം തേടി.. അവിയല്‍ ഒരു കാലത്തെ, അതിന്‍റെ മാറ്റത്തെ മലയാളികള്‍ക്ക് നാട്ടുപാട്ടിന്‍റെ ഈണത്തില്‍ പാടിക്കൊടുത്തു.

കാലം പിന്നെയും മുന്നോട്ട് പോയപ്പോഴേക്കും ജോബ്‌ കുര്യന്‍ പിന്നണിഗായകനെന്ന നിലയില്‍ എണ്ണപ്പെട്ട പാട്ടുളിലൂടെ സിനിമയില്‍ തന്‍റെതായൊരു സാന്നിദ്ധ്യം അറിയിച്ചു. റെക്സ് വിജയന്‍ മലയാള സിനിമാസംഗീതത്തിനു പരിചയമില്ലാത്തൊരു ഭൂമികയില്‍ നിന്നുകൊണ്ട് തന്‍റെ പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചു. ഒടുവില്‍ പലവഴി ചെന്നയാ പുഴകള്‍ മറ്റൊരു ഭൂമികയില്‍ കണ്ടുമുട്ടുകയാണ് ‘എന്താവോ’ എന്ന അയഥാര്‍ത്ഥമായ മാന്ത്രികഭൂമികയില്‍.

ജോബ്‌ കുര്യന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനമാണ് ‘എന്താവോ’. ഏങ്ങാണ്ടിയൂര്‍ ചന്ദ്രശേഖരന്‍റെ വരികള്‍ പാടിയിരിക്കുന്നത് ജോബ്‌ തന്നെയാണ്. ജോബിന്റെ സംഗീതത്തോടൊത്ത് തന്നെ റെക്സ് വിജയന്‍റെ ഗിത്താര്‍ അലകളിടുന്നു. മനോഹരമായൊരു കാഴ്ചാനുഭവം കൂടിയാണ് എന്താവോ (ഹോപ്‌ പ്രോജക്റ്റ്) എന്ന ജോബ്‌ കുരിയന്‍ സംഗീത വീഡിയോ. എല്ലാം ചേര്‍ന്ന് അയഥാര്‍ത്ഥമായൊരു മായിക ലോകം തന്നെയാണ് ഇവിടെ നിര്മിക്കപ്പെട്ടിരിക്കുന്നത്.

മിക്കവാറും രംഗങ്ങള്‍ ഗോപ്രോയുപയോഗിച്ച് ഷൂട്ട്‌ ചെയ്തിരിക്കുന്ന വീഡിയോയില്‍ ഫഹദ് ഫാസില്‍ പ്രധാനവേഷം ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചന്ദ്രകാന്ത് സികെ ചിത്രസംയോജനവും സംവിധാനവും നിര്‍വഹിച്ച വീഡിയോയുടെ ക്യാമറക്കു പിന്നില്‍ ജോഷി ഡാനിയേല്‍ ആണ്.

റിലീസായി ഒരു ദിവസം തികയുന്നതിനിടയില്‍ തന്നെ മുപ്പതിനായിരത്തിനു മുകളില്‍ ആളുകള്‍ കണ്ടിരിക്കുന്ന ഈ വീഡിയോയും ഗാനവും തീര്‍ച്ചയായും നിങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കും..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ