ഗോൾഡൻ എസ് പിച്ചേഴ്സ് ബാനറിൽ ശ്യാംകുമാർ, സിനോ ജോൺ തോമസ് എന്നിവർ നിർമ്മിച്ച് രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ജിമ്മി ‘ഈ വീടിൻറെ ഐശ്വര്യം’ എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് കുട്ടിഗായകരും ഒരു മുത്തശ്ശിയും ചേർന്നാണ്.

റിയാലിറ്റി ഷോയായ ടോപ്പ് സിംഗറിലെ മത്സരാർത്ഥികളായ തേജസ്, ഋതുരാജ്, സ്നേഹ, ദേവിക എന്നിവർക്കൊപ്പം ‘കല്യാണരാമൻ’, ‘നന്ദനം’ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സുബ്ബലക്ഷ്മി കല്യാണ കൃഷ്ണനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഹാപ്പി വെഡിങ്, കക്ഷി അമ്മിണിപ്പിള്ള എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ അരുൺ മുരളീധരൻ ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സന്തോഷ് വർമ്മയുടേതാണ് വരികൾ.

ഒരു നായ കേന്ദ്ര കഥാപാത്രമായി വരുന്നു എന്നുള്ളതാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന ചിത്രത്തിന്റെ പ്രത്യേകത. ഒരു മുഴുനീള കോമഡി ചിത്രമാണ് ഇതെന്ന് അണിയറപ്രവർത്തകർ പറയുന്നു. ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഗോൾഡൻ എസ് പിക്ച്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ് ശ്യാംകുമാർ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ്. കൂടാതെ സംവിധായകനും നിർമാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയാളികളാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് സിനിമയിൽ പ്രധാന താരമായി അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

മിഥുൻ രമേശും ദിവ്യ പിള്ളയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് , ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, നിഷ മാത്യു തുടങ്ങി നിരവധിയേറെ പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിൽ ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അനൂപ് മോഹനാണ് കഥയെഴുതിയിരിക്കുന്നത്. എഡിറ്റിംഗ് സുനിൽ എസ് പിള്ളയും പശ്ചാത്തല സംഗീതം അരുൺ മുരളീധരനും സംഗീതം എം ജയചന്ദ്രനും നിർവ്വഹിച്ചിരിക്കുന്നു. നവംബറിൽ ചിത്രം തിയേറ്ററുകളിലെത്തും.

Read more: ഹോളിവുഡിലെ സൂപ്പർ ഡോഗ് മലയാള സിനിമയിൽ നായകനാവുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook