ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം ധടക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇഷാന്‍ ഖട്ടറാണ് ചിത്രത്തിലെ നായകന്‍. ദേശീയ അവാര്‍ഡ് നേടിയ മറാഠി ചിത്രമായ സൈറത്തിന്റെ ബോളിവുഡ് പതിപ്പാണ് ധടക്. ശശാങ്ക് ഖെയ്‌താന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്.

ജാന്‍വിയുടെ ആദ്യ ചിത്രം എന്ന പോലെ ഇഷാന്‍ ഖട്ടറിന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ധടക്. ഇറാനി സംവിധായകന്‍ മജീദ് മാജിദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഇഷാന്‍ അഭിനയരംഗത്തേക്ക് എത്തിയത്.

ധടകിന്റെയും സൈറത്തിന്റെയും അടിസ്ഥാന കഥ ഒന്നുതന്നെയാണെന്ന് സംവിധായകന്‍ ശശാങ്ക് ഖെയ്താന്‍ പറഞ്ഞു. പക്ഷെ വ്യത്യാസങ്ങളുണ്ട്. ധടകിന്റെ കഥ നടക്കുന്നത് രാജസ്ഥാനിലാണെന്നും അതിന് അതിന്റേതായ ശൈലിയും വെല്ലുവിളികളുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ട്രെയിലര്‍ ലോഞ്ചിനിടെ സൈറത്ത് എന്ന ചിത്രം കണ്ടതിന്റെ അനുഭവം ജാന്‍വി പങ്കുവച്ചു. ‘അമ്മയ്‌ക്കൊപ്പമാണ് ഞാന്‍ സൈറത്ത് കണ്ടത്. അന്ന് ഞാന്‍ അമ്മയോടു പറഞ്ഞിരുന്നു എനിക്കും ഇതുപോലെ ഒന്നു ചെയ്യണമെന്ന്. അമ്മയും ആഗ്രഹിച്ചിരുന്നു എന്റെ തുടക്കം ഇത്തരത്തില്‍ ഒരു ചിത്രത്തിലൂടെ ആയിരിക്കണമെന്ന്. പിന്നീടാണ് ധടക് സംഭവിച്ചത്.’

ചിത്രത്തിന്റ ട്രെയിലര്‍ കണ്ട് ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, ആലിയ ഭട്ട്, വരുണ്‍ ധവാന്‍, നേഹ ധൂപിയ, അനില്‍ കപൂര്‍ എന്നിവര്‍ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ