ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കുടുങ്ങിപ്പോയത് പ്രവാസികളാണ്. അതിജീവനത്തിനായി സ്വന്തം നാട്ടിൽ നിന്ന് വിദേശമണ്ണിലേക്ക് പോകേണ്ടി വന്നവർ. വേണ്ടപ്പെട്ടവരെയെല്ലാം വിട്ടുള്ള ആ നാളുകൾ വലിയ ആശങ്കയുടേത് കൂടിയായിരുന്നു. ഇപ്പോൾ അവർ മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്.

വിമാനങ്ങളിലും കപ്പലുകളിലൂടെയും നിരവധി പ്രവാസികൾ ഇതിനോടകം തന്നെ നാടണഞ്ഞു. ഇനിയും ഒരുപാട് പേർ വരാൻ ആഗ്രഹിക്കുന്നു. അത്തരത്തിൽ വന്നതും വരാനിരിക്കുന്നവരുമായി പ്രവാസികൾക്ക് ഒറു സ്വാഗതഗാനം ഒരുക്കിയിരിക്കുകയാണ് മലയാള സിനിമയിലെ താരങ്ങൾ.

ഇറ്റ്സ് ടൈം ഫോർ കേരള – ലെറ്റ് അസ് മേയ്ക്ക് ഇറ്റ് ഹാപ്പൻ എന്ന് പേരിട്ടിരിക്കുന്ന സംഗീത വീഡിയോയിൽ പാടി അഭിനയിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മോഹൻലാലും, കെഎസ് ചിത്രയും മഞ്ജു വാര്യറും ഉൾപ്പടെയുള്ളവരാണ്. ഡോ. ചെറവല്ലി ശശിയുടെ വരികൾക്ക് ശരത്താണ് സംഗീതം പകർന്നിരിക്കുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ലോക്ക്ഡൗൺ കാലഘട്ടത്തിൽ പാടിയ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

കെഎസ് ചിത്രയ്ക്കൊപ്പം സംഗീത സംവിധായകൻ ശരത്ത്, ഗായകൻ മധു ബാലകൃഷ്ണൻ, മഞ്ജു വാര്യർ, രമ്യ നമ്പീശൻ, മനോജ് കെ ജയൻ, അശോകൻ എന്നിവരും പാടി അഭിനയിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് രൂപ രേവതിയും സംഗീത വീഡിയോയിൽ എത്തുന്നു.

മെയ് ഏഴ് മുതൽ വന്ദേ ഭാരത് പദ്ധതിയിലൂടെ 140 വിമാനങ്ങളിലായി 24333 പേരും മൂന്ന് കപ്പലുകളിലായി 1488 പേരും കേരളത്തിലെത്തിയെന്നാണ് കണക്ക്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook