ലോക വനിതാ ദിനത്തിൽ സംഗീത പ്രേമികൾക്ക് സിത്താരയുടെ സമ്മാനം. സിത്താര തന്നെ വരികളെഴുതി സംഗീതം നൽകിയ എന്റെ ആകാശം എന്ന ഗാനമാണ് ഗായികയുടെ വനിതാ ദിന സമ്മാനം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് എന്റെ ആകാശം പുറത്തിറങ്ങിയ കാര്യം സിത്താര ആരാധകരോട് പങ്ക് വച്ചത്.

പെൺകരുതലിനെ കുറിച്ചാണ് സിത്താരയുടെ എന്റെ ആകാശം ചർച്ച ചെയ്യുന്നത്. പ്രായ ഭേദമന്യേ എല്ലാവരോടും പറയാവുന്ന സന്ദേശമാണ് എന്റെ ആകാശത്തിലൂടെ സിത്താര നൽകുന്നത്. രാത്രിയും പകലും എല്ലാ വിഭാഗക്കാർക്കും പ്രായ ഭേദമന്യേ ആസ്വദിക്കാൻ കഴിയുന്ന ഒന്നായിരിക്കണമെന്നാണ് എന്റെ ആകാശത്തിന്റെ പ്രമേയം.

സമൂഹത്തിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് ഈ വിഡിയോയിിലുളളത്. രാത്രി സഞ്ചാരത്തിൽ സ്ത്രീകൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്ന സാഹചര്യമാണ് ഇന്ന് സമൂഹത്തിലുളളത്. എന്നാൽ രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളാണ് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആറ് മിനിറ്റിനടുത്ത് ദൈർഘ്യമുളള വിഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത് രവിശങ്കറാണ്. സൈജു ശ്രീധരനാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

വ്യത്യസ്‌തമായ ആലാപനത്തിലൂടെ മലയാളികളുടെ മനം കവർന്ന ഗായികയാണ് സിത്താര. തനതായ ആലാപന രീതി സംഗീത പ്രേമികളുടെ പ്രശംസ നേടിയെടുത്തു. സെല്ലുലോയിഡിലെ ഏനുണ്ടോ അമ്പിളിച്ചന്തം എന്ന ഗാനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുളള പുരസ്കാരം സിത്താരയെ തേടിയെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ