കൊച്ചി: നവംബർ 16ന് ദോഹയിൽ നടന്ന യുവ അവാർഡ് ദാന ചടങ്ങായിരുന്നു അബി പങ്കെടുത്ത അവസാന പൊതുപരിപാടി. മകൻ ഷെയ്ൻ നിഗമിന് പ്രോമിസിങ് സ്റ്റാർ പുരസ്കാരം സമ്മാനിക്കാനായിരുന്നു അബി ദോഹയിലെ ചടങ്ങിനെത്തിയത്.

അവാർ‍ഡ് സമ്മാനിച്ച അബിക്ക് പറയാൻ വാക്കുകളുണ്ടായിരുന്നില്ല. തനിക്ക് കഴിയാത്തത് മകൻ ഷെയ്ൻ നിഗമിലൂടെ എത്തിപ്പിടിക്കുന്ന വിജയിയുടെ ചിരിയുണ്ടായിരുന്നു അപ്പോൾ അബിയുടെ മുഖത്ത്. നെടുവീർപ്പോടെ മാത്രമേ ആർക്കും ഇന്ന് ഈ വിഡിയോ കാണാനാകൂ.

ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷെയ്ന്‍ തന്റെ ബാപ്പച്ചിയെക്കുറിച്ച് വിവരിച്ചിരുന്നു. ‘എനിക്ക് സാധിക്കാതെ പോയത് എന്റെ മകന് സാധിക്കണം എന്നൊക്കെ നമുക്ക് സിനിമയില്‍ പറയാം. ഇത് ജീവിതമല്ലേ. പുള്ളി ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല നീ ഒരു നടനാകണം എന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാകണമെന്നോ. അതൊക്കെ എന്റെ വഴിക്കു വിട്ടു തന്നു. അതിനൊക്കെ അപ്പുറത്താണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പം. എന്റെ സിനിമകള്‍ കണ്ട് അഭിപ്രായം പറയും. ഇഷ്ടമായാല്‍ ഇഷ്ടമായി എന്ന്, തിരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ. പക്ഷെ ഞാനങ്ങനെ ഒന്നും പറയാറില്ല. എനിക്ക് സിനിമയെ കുറിച്ച് അഭിപ്രായം പറയാനൊന്നും അറിയില്ല. ഞാനൊരു ക്രിട്ടിക് അല്ല. ചിലപ്പോള്‍ എല്ലാവരും നല്ലതെന്നു പറയുന്നത് എനിക്ക് ഇഷ്ടമായെന്നു വരില്ല. ആര്‍ക്കും ഇഷ്ടമാകാത്തത് ഇഷ്ടമായെന്നും വരും. ആളുകള്‍ ചില സിനിമകളെക്കുറിച്ച് അഭിപ്രായം പറയുന്നതു കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട് എന്റെ ആസ്വാദനത്തിന്റെ പ്രശ്നമാണെന്ന്. സിനിമയെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമാണ്. വീട്ടില്‍ ഞാനും ബാപ്പച്ചിയും, ഉമ്മയും പെങ്ങമ്മാരുമൊക്കെ ഇരുന്ന് അത്തരം ചര്‍ച്ചകള്‍ നടത്താറുമുണ്ട്.’ ബാപ്പച്ചിയെ കുറിച്ച് ഷെയ്ൻ വിവരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ