I’M Muslim & I Trust You. Do You Trust Me Enough for A hug?(‘ഞാനൊരു മുസ്ലിമാണ്. നിങ്ങളെ വിശ്വസിക്കുന്നു. ഒന്നുചേർത്തുപിടിക്കാൻ മാത്രം എന്നെ നിങ്ങൾ വിശ്വസിക്കുമോ?’ നാല് ദിവസങ്ങൾക്ക് മുൻപ് മാഞ്ചസ്റ്ററിലെ ഒരു തെരുവിൽ കണ്ണ് മൂടിക്കെട്ടിയ ഒരു യുവാവ് ഇങ്ങനെ ഒരു ബോർഡുമായി പ്രത്യക്ഷപ്പെട്ടു. തലയിലൊരു തൊപ്പിയും ചുമലിൽ ഒരു ബാഗുമായി ബക്താഷ് നൂരിയെന്ന 22കാരൻ ഇരുകൈകളും വിടർത്തി നിന്നു.
ആദ്യം ആരും തന്നെ ഇയാളെ ശ്രദ്ധിച്ചില്ല. പിന്നെ വഴിയാത്രക്കാരനായ ഒരാളാണ് ബക്താഷിന്റെ വാക്കുകൾ ശരിക്കും ശ്രദ്ധിച്ചത്. അദ്ദേഹം യുവാവിനെ കെട്ടിപ്പുണർന്ന് പറഞ്ഞു. ‘എനിക്ക് നിന്നെ വിശ്വാസമാണ്..വിഷമിക്കേണ്ട’. അതുകണ്ടുകൊണ്ടുനിന്ന മറ്റൊരാൾ വന്ന് ‘നീ തനിച്ചല്ല’ എന്നു പറഞ്ഞ് ബക്താഷിനെ കെട്ടിപ്പുണർന്നു. ചെറിയ സമയത്തിനുള്ളിൽ തന്നെ അവിടെ ഒരു വരി തന്നെ പ്രത്യക്ഷപ്പെട്ടു. ‘എന്നും നിന്നെ ഞാൻ നെഞ്ചോട് ചേർക്കും. കാരണം, നിന്നെ എനിക്ക് വിശ്വാസമാണ്’ ബക്താഷിനെ പുണർന്ന് പലരും നൽകിയ വാക്കുകൾ ഇങ്ങനെയായിരുന്നു. ‘ആ സ്ഫോടനത്തിൽ എന്റെ സഹോദരനും മരണപ്പെട്ടു. പക്ഷേ, ഞാൻ നിന്നെ വെറുക്കുന്നില്ല സഹോദരാ, സ്നേഹിക്കുന്നേയുള്ളു’ എന്ന് ഒരാൾ ബക്താഷിനെ ആലിംഗനം ചെയ്ത് പറഞ്ഞപ്പോൾ കണ്ടുനിന്നവരുടേയും കണ്ണുകൾ ഈറനണിഞ്ഞു.
മാഞ്ചസ്റ്ററിൽ 22 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന് ശേഷം ഇംഗ്ലണ്ടിലെ മുസ്ലിങ്ങൾ സംശയത്തിന്റെ നിഴലിലായിരുന്നു. ‘വിദ്വേഷത്തിനു പകരം സ്നേഹം പകരുക’ എന്ന ലക്ഷ്യവുമായായിരുന്നു ബക്താഷ് നൂരി ബോർഡുമായി പ്രത്യക്ഷപ്പെട്ടത്. ബക്താഷ് നൂരിയും അവനെ മാറോടച്ച് ചേർക്കാൻ ക്യൂ നിൽക്കുന്ന മാഞ്ചസ്റ്ററിലെ സ്നേഹ സമ്പന്നരായ ജനങ്ങളും വൈറലായിരിക്കുകയാണ്. ‘ദ ഡെയ്ലി ടെലഗ്രാഫ്’ അടക്കമുള്ള മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് സംഭവം വാർത്തയാക്കിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook