തന്നോട് ചോദിക്കാതെ പേര് മാറ്റിയ ഭാര്യയ്ക്ക് ഭർത്താവിന്റെ വക എട്ടിന്റെ പണി. ഭാര്യയുടെ കാർ മുഴുവൻ സിമന്റ് നിറച്ചാണ് ഭർത്താവ് പ്രതികാരം വീട്ടിയത്. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിലാണ് സംഭവം.

റഷ്യയിലെ ഒരു സൂപ്പർമാർക്കറ്റിലാണ് ഭാര്യ ജോലി ചെയ്തിരുന്നത്. തങ്ങളുടെ ബ്രാൻഡ് പ്രശസ്തമാക്കുന്നതിന്റെ ഭാഗമായി സൂപ്പർമാർക്കറ്റ് അധികൃതർ ഒരു ഓഫർ പ്രഖ്യാപിച്ചു. സ്വന്തം പേരിന്റെ കൂടെ സൂപ്പർമാർക്കറ്റിന്റെ പേരു കൂടി ചേർത്താൽ ഓരോ മാസവും 50,000 റൂബിൾ വീതം ഓരോ ഉപഭോക്താവിനും നൽകുമെന്നായിരുന്നു ഓഫർ. ഈ ഓഫർ നേടിയെടുക്കാനായി ഭാര്യ ഭർത്താവിനോട് പറയാതെ നിയമപരമായി പേരിൽ മാറ്റം വരുത്തി. ഇതറിഞ്ഞ ഭർത്താവ് ഭാര്യയ്ക്ക് നല്ലൊരു പണി കൊടുക്കാനും തീരുമാനിച്ചു.

അതിനായി അയാൾ തിരഞ്ഞെടുത്തത് ഭാര്യ വളരെയധികം സ്നേഹിച്ചിരുന്ന അവളുടെ കാറിനെയായിരുന്നു. കാർ മുഴുവൻ സിമന്റ് നിറച്ചാണ് അയാൾ ഭാര്യയോട് പ്രതികാരം ചെയ്തത്. കാറിൽ സിമന്റ് നിറയ്ക്കുന്ന വിഡിയോ അതുവഴി വന്നൊരാൾ ഷൂട്ട് ചെയ്യുകയും യുട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തായത്.

താനും ഭാര്യയുമായി ഏറെ നാളായി വഴക്കായിരുന്നുവെന്നും പേരു മാറ്റിയതോടെ വഴക്ക് കൂടിയതായും ഭർത്താവ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ