ഹൂസ്റ്റണ്‍: വെള്ളത്തിലേക്ക് താഴ്ന്ന ലോറിയിലെ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ തത്സമയ സംപ്രേഷണത്തിനിടെ റിപ്പോര്‍ട്ടറും ക്യാമറാമാനും ഇടപെട്ടത് ശ്രദ്ധേയമാകുന്നു. ഹൂസ്റ്റണിൽ ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ പേമാരിയില്‍ 10 അടി വെളളത്തില്‍ മുങ്ങിപ്പോയ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടത് റിപ്പോര്‍ട്ടറുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.

വെള്ളത്തില്‍ മുങ്ങിയ ലോറി ഡ്രൈവറുടെ ദുരിതാവസ്ഥ തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു കെഎച്ച്ഒയു 11 ന്യൂസിന്റെ റിപ്പോര്‍ട്ടറും ക്യാമറാമാനുമായ ബ്രാന്‍ഡി സ്മിത്ത് എന്ന റിപ്പോര്‍ട്ടറും ക്യാമറാമാന്‍ മരിയോ സാന്‍ഡോവലും. തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുമായി റോഡ്മാര്‍ഗ്ഗം പോവുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെടുന്നത്. പൊടുന്നനെ ലൈവിലാണ് താനെന്ന കാര്യം മാറ്റി നിര്‍ത്തി മൈക്കുമേന്തി രക്ഷാ പ്രവര്‍ത്തക വാഹനത്തിന്റെ അടുത്തേക്ക് ഓടുകയായിരുന്നു സ്മിത്ത്. ക്യാമറാമാനും പുറകെ ഓടി.

പാലത്തിന് താഴെ ലോറി ഡ്രൈവര്‍ 10 അടി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് സ്മിത്ത് അവരെ അറിയിച്ചു. ലോറി ഡ്രൈവറെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം ചാനലും ലൈവായി നല്‍കി. ഇതേത്തുടന്ന് രക്ഷാ പ്രവര്‍ത്തകര്‍ എത്തുകയും ലോറി ഡ്രൈവറെ രക്ഷിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ