ന്യൂഡൽഹി: അതിക്രൂരമായി മർദ്ദിച്ച ശേഷം രണ്ടാനമ്മ മൂന്ന് വയസുകാരിയെ വലിയ ചാക്കിൽ കുത്തിക്കയറ്റുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പടരുന്നു. ദൃശ്യങ്ങൾ കണ്ട അച്ഛൻ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ രണ്ടാനമ്മയ്ക്ക് എതിരെ കേസെടുത്തു.

ഹരിയാനയിലെ ഛണ്ഡീഗഡിലാണ് സംഭവം. രണ്ട് മാസം മുൻപ് സംഭവിച്ച അതിക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് വിവരം. കാലൊടിഞ്ഞ് നിലത്ത് വിരിച്ച കിടക്കയിൽ ഇരിക്കുന്ന പെൺകുട്ടിയെയാണ് രണ്ടാനമ്മയായ ജസ്പ്രീത് കൗർ ക്രൂരമായി മർദ്ദിക്കുന്നത്.

പെൺകുട്ടിയുടെ മൂത്ത സഹോദരനാണ് സംഭവം ക്യാമറയിൽ പകർത്തിയത്. മുഖത്തും തലയിലും തുടർച്ചയായി മർദ്ദിച്ച ശേഷം പെൺകുട്ടിയെ ചാക്കിൽ കുത്തിക്കയറ്റാനാണ് ഇവർ ശ്രമിച്ചത്. ഇതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. ആർത്തലച്ച് കരയുന്ന പെൺകുട്ടിയുടെ വേദനയെ ലവലേശം വകവയ്ക്കാതെയാണ് അതിക്രമം.

കുട്ടിയുടെ അച്ഛൻ മൻമോഹൻ സിങ് വിഡിയോ കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവസമയത്ത് സ്ഥലത്തില്ലാതിരുന്ന ഇദ്ദേഹം ഭാര്യയ്ക്ക് എതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. മകളുടെ കാലൊടിച്ചതും ജസ്പ്രീതാകാമെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എബിപി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 323-ാം വകുപ്പ് പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ