മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് മേക്കറായ ഐ.വി.ശശിയെ പറ്റി പറയുന്പോള്‍ നാടോടിക്കാറ്റിലെ ഈ രംഗം വിട്ടുപോകില്ല. ഗഫൂര്‍ക്കായുടെ ചതിക്കിരയായി മദ്രാസിലെത്തപ്പെട്ട ദാസ- വിജയന്മാരിലെ വിജയന്‍ (ശ്രീനിവാസന്‍) ഐ.വിശശിയെ കാണാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തുന്ന രംഗം തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ അലകളുയര്‍ത്തി. കോളിംഗ് ബെല്‍ അമര്‍ത്തി കാത്തുനില്‍ക്കുന്ന വിജയനു മുമ്പിലേക്ക് വാതില്‍ തുറന്നെത്തുകയാണ് സീമ.

ശശിയേട്ടനെ കാണണമെന്ന് വിജയന്‍ ആവശ്യപ്പെടുമ്പോള്‍ ‘ശശിയേട്ടന്‍ ഭരണിയിലാണ്’ എന്നായിരുന്നു സീമയുടെ മറുപടി. പിന്നാലെ ഷൂട്ടിംഗ് നടക്കുന്ന ഭരണി സ്റ്റുഡിയോയില്‍ ശ്രീനിവാസന്‍ കഥാപാത്രം എത്തുന്നു. ക്യാമറയ്ക്ക് പിറകില്‍ സോമന് നിര്‍ദേശങ്ങള്‍ കൊടുക്കുകയാണ് ഐവി ശശി. വളരെ തന്‍മയത്വത്തോടെയാണ് ഐവി ശശി ഈ രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു സിനിമയുടെ ചിത്രീകരണ വേളയില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍ എങ്ങനെ പ്രതികരിക്കും എന്ന് മാത്രമാണ് അദ്ദേഹം കാണിച്ചത്.

എന്നാല്‍ ഒട്ടും അസ്വാഭാവികതയില്ലാതെ, ക്യാമറയ്ക്ക് മുമ്പിലെ തുടക്കക്കാരനെന്ന പതര്‍ച്ചയില്ലാതെ ആ അപൂര്‍വ്വ പ്രതിഭ ജീവിച്ചു. ഒളിപ്പിച്ച് വെച്ചൊരു ക്യാമറയില്‍ എന്ന പോലെ സത്യന്‍ അന്തിക്കാട് ഈ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തു. ഇന്നും മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യരംഗമായി ഇത് മാറുകയും ചെയ്തു. ഒരുപക്ഷെ ഒരു സംവിധായകനായി അദ്ദേഹം പ്രത്യക്ഷപ്പെട്ട ഏക ചിത്രവും ഇത് തന്നെയാണ്. നേരത്തേ അവളുടെ രാവുകളിലും ഐവി ശശി അതിഥി വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ