ഗോദയിലെ പുതിയ ഗാനമെത്തി. ചിത്രത്തിലെ പൊന്നിൻ കണിക്കൊന്ന എന്ന് തുടങ്ങുന്ന വൗ വിഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. അജു വർഗീസും വാമിക ഗബ്ബിയുമാണ് ഗാനത്തിൽ നിറഞ്ഞ് നിൽക്കുന്നത്. പഞ്ചാബിൽ നിന്ന് കേരളത്തിലെത്തുന്ന വാമികയുടെ കഥാപാത്രമായ അദിതി സിങ്ങിന്റെ നാടുകാണലാണ് ഗാനത്തിൽ ചിത്രീകരിിച്ചിരിക്കുന്നത്. സിത്താര കൃഷ്‌ണകുമാറാണ് പാട്ട് പാടിയിരിക്കുന്നത്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് മനു മഞ്‌ജിത്തും സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനുമാണ്. ബേസിൽ ജോസഫാണ് ഗോദ സംവിധാനം ചെയ്യുന്നത്.

പ്രേക്ഷകർ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസിന്റെ ചിത്രമാണ് ഗോദ. ഗുസ്‌തി പിടിക്കാനും പഠിപ്പിക്കാനുമാണ് ഗോദയെത്തുന്നത്. ചിത്രത്തിന്റെ ടീസറും ആദ്യ ഗാനവും വൻ തരംഗമാണ് സൃഷ്‌ടിച്ചത്.

ഗുസ്‌തി പ്രാണനായി കൊണ്ട് നടക്കുന്ന ഒരു നാടിന്റെ കഥയാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദയുടെ പ്രമേയം. കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രമാണ് ഗോദ. സ്‌പോർട്സ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ചിത്രമാണ് ഗോദ. രാകേഷ് മണ്ടോടിയാണ് ഗോദയുടെ കഥയെഴുതിയിരിക്കുന്നത്.

ടൊവിനോ തോമസ്, രൺജിപ്പണിക്കർ, അജു വർഗീസ്, പാർവ്വതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. ഇഫോർ എന്റർടെയ്ൻമെന്റും എവിഎ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം പുറത്തിറക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ