പ്രേക്ഷകർ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസിന്റെ ഗോദയിലെ ആദ്യ ഗാനമെത്തി. ആരോ നെഞ്ചിൽ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രണയ സാന്ദ്രമാണ് ഈ ഗാനം. ടൊവിനോ തോമസും വാമിഖ ഗബ്ബിയുമാണ് ഗാനത്തിലുളളത്. പഞ്ചാബി നടിയാണ് വാമിഖ ഗബ്ബി. യാത്രയുടെ പശ്ചാത്തലത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് മനു മഞ്‌ജിത്തും സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനുമാണ്. ഗൗരി ലക്ഷ്‌മിയാണ് പാട്ട് പാടിയിരിക്കുന്നത്. ബേസിൽ ജോസഫാണ് ഗോദയുടെ സംവിധായകൻ.

പ്രണയവും രാഷ്ട്രീയവും പറഞ്ഞതായിരുന്ന ടൊവിനോയുടെ ഒരു മെക്‌സിക്കൻ അപാരതയെങ്കിൽ ഗുസ്‌തി പിടിക്കാനും പഠിപ്പിക്കാനുമാണ് ഗോദയെത്തുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

ഗുസ്‌തി പ്രാണനായി കൊണ്ട് നടക്കുന്ന ഒരു നാടിന്റെ കഥയാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദയുടെ പ്രമേയം. കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രമാണ് ഗോദ. സ്‌പോർട്സ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ചിത്രമാണ് ഗോദ. രാകേഷ് മണ്ടോടിയാണ് ഗോദയുടെ കഥയെഴുതിയിരിക്കുന്നത്.

ടൊവിനോ തോമസ്, രൺജിപ്പണിക്കർ, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. ഇഫോർ എന്റർടെയ്ൻമെന്റും എവിഎ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം പുറത്തിറക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook