എല്ലാവരും ഉറ്റുനോക്കിയ ആ തിളങ്ങുന്ന വേദിയിലേക്ക് അവൾ പതിയെ നടന്നടുത്തു. അവളെ കണ്ടതും കാണികളുടെയും ഷോയിലെ ജഡ്‌ജുമാരുടെയും മുഖത്ത് ആകാംഷയും അത്ഭുതവും നിറഞ്ഞു. ജന്മനാ ഇരു കൈകളും ഇല്ലാതെ ജനിച്ച ലോറെലായ് മോസ്‌നെഗുടു എന്ന പതിനാലു വയസ്സുകാരി പക്ഷേ ഒരു പേടിയോ ടെൻഷനോ ഒന്നുമില്ലാതെ ആ വേദിയിൽ ഒരുക്കിയ പിയാനോയ്‌ക്ക് അരികിൽ ചെന്നിരുന്നു.

പിന്നീട് സംഭവിച്ചത് അവിശ്വസനീയം എന്ന് പറയേണ്ടി വരും. കാരണം ആ വലിയ വേദിയിൽ അവൾ കാലുകൊണ്ട് വായിച്ച പിയാനോയും കൂടെ പാടിയ ഗാനവും അത്രയേറെ ഹൃദ്യവും ഹൃദയസ്‌പർശിയുമായിരുന്നു. കൈകളില്ലെങ്കിലും തന്റെ കഴിവുകൊണ്ടും മനോധൈര്യം കൊണ്ടും എല്ലാവരേയും അമ്പരിപ്പിച്ച റൊമാനിയക്കാരി ലോറെയുടെ പ്രകടനം സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.

റൊമാനിയയിലെ ഒരു റിയാലിറ്റി ഷോയാണ് ലോറെയുടെ മാസ്‌മരിക പ്രകടനത്തിന് വേദിയായത്. ലോറെ കാൽവിരലുകൾ കൊണ്ട് പിയാനോയിൽ വായിച്ച് പാടാൻ തുടങ്ങിയപ്പോഴേക്കും കണ്ടിരുന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. അവൾ പാടി തീർത്തപ്പോഴേക്കും എല്ലാവരും എഴുന്നേറ്റ് നിന്ന് നിർത്താതെ അവളെ കൈയ്യടിച്ച് അനുമോദിക്കുകയും ചെയ്‌തു.

ജനിച്ചയുടനെ മാതാപിതാക്കൾ ഉപേക്ഷിച്ച ലോറെയെ ഒരു സാമൂഹ്യ പ്രവർത്തകയാണ് എടുത്ത് വളർത്തിയത്. മൂന്നാം വയസ്സു വരെ സംസാരിക്കാനും നാല് വയസ്സു വരെ നടക്കാനും ലോറെയ്‌ക്ക് കഴിയില്ലായിരുന്നു. എന്നാൽ അതെല്ലാം അതിജീവിച്ച് ഇന്ന് തന്റെ കാലുകൾ കൈകൾക്ക് പകരം വയ്‌ക്കാനും ഒരിക്കൽ അടഞ്ഞിരുന്ന തന്റെ ശബ്‌ദം ലോകം മുഴുവൻ കേൾപ്പിക്കാനും അവൾക്കായി. നിശ്ചയദാർഡ്യത്തിന്റെ പ്രതീകമാകുന്ന പെൺകുട്ടി. തന്റെ അത്ഭുത പ്രകടനത്തോടെ ലോറെ നേരിട്ട് സെമി ഫൈനലിൽ എത്തുകയും ചെയ്‌തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ