എങ്ങനെയായിരിക്കും ലോകാവസാനമെന്ന് പലരും പലപ്പോഴായി ആലോചിച്ചിട്ടുളള കാര്യമാണ്. ലോകാവസാനം എങ്ങനെയെല്ലാമായിരിക്കാമെന്ന് പറഞ്ഞൊരു ചിത്രമെത്തുകയാണ്, ജിയോസ്‌റ്റോം. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

ഇമ വെട്ടാതെ കണ്ടിരിക്കാവുന്നതാണ് ഒരു മിനിറ്റിലധികം ദൈർഘ്യമുളള ഈ ട്രെയിലർ. കാറ്റും തീയും പുകയുമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. സാങ്കേതിക വിദ്യ പരമാവധി ഉപയോഗിച്ചുളള ഒരു അത്യുഗ്രൻ ചിത്രമാണ് ജിയോസ്‌റ്റോം.

ഡീൻ ഡെവ്ളിനാണ് ഈ ഹോളിവുഡ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകൻ. ഇൻഡിപെൻഡൻസ് ഡേ, ഗോഡ്‌സില്ല തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ഡീൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജിയോസ്‌റ്റോം.

കാലാവസ്ഥ നിയന്ത്രണ ഉപഗ്രഹത്തിന്റെ നാശം ലോകാവസാനത്തിലേക്ക് വഴിവയ്ക്കുന്നതാണ് ജിയോസ്‌റ്റോമിന്റെ ഇതിവൃത്തം. ജെറാർഡ് ബട്ട്‌ലർ, അലക്‌സാൻഡ്ര ലാറ,അബി കോർനിഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഒക്‌ടോബർ 20 ന് ജിയോസ്‌റ്റോം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ