ആരാധകർക്ക് പ്രണയത്തിന്റെയും സംഗീതത്തിന്റെയും പുതിയ വസന്തം തീർത്ത് മണിരത്നം-എ.ആർ.റഹ്മാൻ കൂട്ടുകെട്ട്. മണിരത്നം സംവിധാനം ചെയ്യുന്ന കാട്രു വെളിയിടൈ ചിത്രത്തിലെ ഒരു മിനിറ്റ് ദൈർഘ്യമുള്ള അഴകിയേ ഗാനം പുറത്തിറങ്ങി. ഇതിനോടകം ഒരു കോടിയിലധികം പേരാണ് ഈ പ്രണയ ഗാനം കണ്ടത്.

റഹ്മാന്റെ സംഗീതവും മണിരത്നത്തിന്റെ ചിത്രീകരണവും ചേർന്നപ്പോൾ പ്രണയത്തിന്റെ പുതിയൊരു ലോകമാണ് അഴകിയേ ഗാനം പ്രേക്ഷകർക്ക് നൽകുന്നത്. അധികം കേട്ട് ശീലമില്ലാത്ത അക്വപെല്ലയിലൂടെയാണ് പാട്ട് തുടങ്ങുന്നത്. ഗിറ്റാറിൽ തീർക്കപ്പെടുന്ന സംഗീതവും എടുത്തു പറയേണ്ടതാണ്. ഒരു തിയേറ്റിൽ നിന്നാണ് ഗാനത്തിന്റെ തുടക്കം. ചടുലമായ നൃത്തവും പ്രണയാർദ്ര രംഗങ്ങളുമാണ് ഒരു മിനിറ്റും പന്ത്രണ്ട് സെക്കൻഡും ദൈർഘ്യമുള്ള ഗാനത്തിലുള്ളത്. അഴകിയേ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് കാർക്കിയാണ്. പഞ്ചാബി വരികളെഴുതിയിിരിക്കുന്നത് നവനീത് വിർക്കും.

ഒരു പൈലറ്റും ഡോക്‌ടറും തമ്മിലുള്ള പ്രണയകഥയാണ് കാട്രു വെളിയിടൈ. കാർത്തിയും അദിതി റാവുവുമാണ് മുഖ്യ വേഷങ്ങളിൽ. പൈലറ്റായി കാർത്തിയെത്തുമ്പോൾ അദിതി റാവുയെത്തുന്നത് ഡോക്‌ടറായാണ്. മണിരത്നം സംവിധാനം ചെയ്യുന്ന 25 -ാം ചിത്രമാണിത്. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം തന്നെയാണ് ചിത്രം നിർമിക്കുന്നതും. ഊട്ടി, കൊടൈക്കനാൽ, ഹിമാചൽ പ്രദേശ്, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

കെ.പി.എ.സി.ലളിത, രുഗ്മിണി വിജയകുമാർ, ആർ.ജെ.ബാലാജി, ഡൽഹി ഗണേഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. മാർച്ചിൽ ചിത്രം തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ