പ്രശസ്ത എഡിറ്റര്‍ ബി. അജിത് കുമാര്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ‘ഈട’ ഇന്നു പുറത്തിറങ്ങി. എന്നാല്‍ കളക്ടീവ് ഫെയ്‌സ് വണ്‍ ഒരു ദിവസം മുമ്പേ തന്നെ സിനിമയുയെ പിന്നാമ്പുറ കാഴ്ചകള്‍ പുറത്തുവിട്ടു. നിമിഷ സജയനും ഷെയ്ന്‍ നിഗവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലൊരുക്കിയ പ്രണയ ചിത്രമാണ് ഈട. എന്നാല്‍ ഈടയുടെ മെയ്ക്കിംഗ് വീഡിയോ അത്ര മസിലു പിടിക്കാതെ ചിരിച്ചു കാണാവുന്ന ഒന്നാണ്. നിമിഷയുടേയും ഷെയ്‌നിന്റേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും തമാശകളും ഷൂട്ടിംഗ് സമയത്തെ രസകരമായ സംഭവങ്ങളും കോര്‍ത്തിണക്കിയതാണിത്.

എംബിഎ ബിരുദധാരിയും ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ എന്‍ട്രി ലെവല്‍ മാനേജരുമായാണ് ഷെയ്ന്‍ നിഗം എത്തുന്നത്. കണ്ണൂരുകാരിയായ ഐശ്വര്യ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രത്തെയാണ് നിമിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയകഥയാണ് ഈട പറയുന്നത്. വടക്കന്‍ കേരളത്തില്‍ ഇവിടെ എന്ന് പറയാന്‍ ഉപയോഗിക്കുന്ന വാക്കാണ് ‘ഈട’

ഷെയ്നിനും നിമിഷയ്ക്കും പുറമേ, മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി, മലയാള സിനിമയില്‍ അടുത്ത കാലത്ത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, സുധി കോപ്പ, ബാബു അന്നൂര്‍, ഷെല്ലി കിഷോര്‍, വിജയന്‍ കാരന്തൂര്‍, ‘പറവ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുനിത എന്നിങ്ങനെ മികച്ച അഭിനേതാക്കളാണ് ‘ഈട’യില്‍ മറ്റ് കഥാപാത്രങ്ങളാകുന്നത്. ഡെല്‍റ്റ സ്റ്റുഡിയോക്കു വേണ്ടി ശര്‍മിള രാജ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് കളക്ടീവ് ഫേസ് വണ്‍ ആണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ