ചങ്ഷാ: യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെ അംബരചുംബികള്‍ കീഴടക്കിയ ചൈനയുടെ വൂ യുങ്‌യിങ് 62 നില കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ വിഡിയോകളിലൂടെ ലോക പ്രശസ്തനാണ് 26 കാരനായ വൂ. ചങ്ഷാ നഗരത്തിലെ 62-ാം നില കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വൂ താഴെക്ക് വീണത്.

ട്വിറ്ററിന്റെ ചൈനീസ് പതിപ്പായ വെയ്‌ബോയിലും മറ്റും വുവിന്റെ വിഡിയോകള്‍ സൂപ്പര്‍ ഹിറ്റാണ്. അംബരച്ചുംബികളായ കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ സെല്‍ഫി സ്റ്റിക്കുമായി നടത്തുന്ന സാഹസിക പ്രകടനങ്ങളാണ് കൂടുതലും. സുരക്ഷാ മുന്‍കരുതലുകളൊന്നും കൂടാതെയാണ് ഇയാള്‍ സാഹസിക പ്രകടനങ്ങള്‍ നടത്തിയിരുന്നത്.

തയ്യാറെടുപ്പുകള്‍ക്ക് ശേഷം രണ്ട് പുള്‍ അപ്പുകള്‍ കെട്ടിടത്തില്‍ തൂങ്ങിക്കിടന്നുകൊണ്ട് ഇയാള്‍ എടുക്കുന്നുണ്ട്. മൂന്നാമത്തെ പുള്‍അപ്പെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമാക്കാനാകുന്നില്ല. 15 സെക്കന്റോളം ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയാണ് വു വീണത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് ഈ അപകടമുണ്ടായതെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മരണം സ്ഥിരീകരിച്ചത്. വുവിന്റെ കാമുകിയാണ് സോഷ്യല്‍മീഡിയയിലൂടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനീസ് ആയോധനകലകളില്‍ വിദഗ്ധനായിരുന്ന വു സിനിമയില്‍ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പായും അഭിനയിച്ചിരുന്നു. 15000 ഡോളറിന്റെ (ഏകദേശം 9.66ലക്ഷം രൂപ) പന്തയതുക ലഭിക്കുന്നതിനാണ് വു തന്റെ അവസാനത്തെ അതിസാഹസം നടത്തിയതെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ വിവാഹത്തിനും അമ്മയുടെ ചികിത്സാചിലവിനും പണം കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ