ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനിലെ അശ്രദ്ധ കാരണം അപകടങ്ങള്‍ ഉണ്ടാകുന്നതും ആളുകള്‍ക്ക് മരണം സംഭവിക്കുന്നതും ഇടയ്ക്കിടയ്ക്ക് നമ്മള്‍ കാണുന്ന വാര്‍ത്തയാണ്. അത്ഭുതകരമായി ചിലര്‍ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാറുമുണ്ട്.  ട്രെയിന്‍ കയറുന്നതിനിടയ്ക്കു പാലത്തിലേക്ക് വീഴാന്‍ പോയ ഒരു കുഞ്ഞിനെ രക്ഷിക്കുന്ന ആര്‍പിഎഫ് ജവാന്റെ വീഡിയോയാണ് വൈറലായത്.

സച്ചിന്‍ പോള്‍ എന്ന മഹാരാഷ്ട്ര സുരക്ഷാ വിഭാഗത്തിലെ ജവാനാണ് കുട്ടിയെ രക്ഷിച്ചത്. അമ്മയുടെ കൈയ്യില്‍ നിന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ അടിയിലേക്ക് പോകാന്‍ തുടങ്ങിയ കുട്ടിയെ സാഹസികമായി രക്ഷിക്കുന്നതാണ് സംഭവം. മഹാലക്ഷ്മി റെയില്‍വേ സ്റ്റേഷന്റെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

സ്റ്റേഷനില്‍ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനില്‍ കയറാന്‍ കുട്ടിയേയും കൈയ്യില്‍ പിടിച്ച് ഓടി വരികയായിരുന്നു അമ്മ. അമ്മ ട്രെയിനില്‍ ഓടി കയറി പക്ഷേ കൈയ്യില്‍ ഉണ്ടായിരുന്നു പെണ്‍കുട്ടി താഴെ വീണു. കുട്ടിയുടെ കൈയ്യില്‍ നിന്ന് അമ്മ പിടിത്തം വിടാതെയിരുന്നതിനാല്‍ കുട്ടി നിരങ്ങി താഴേ ട്രെയിനിന്‍റെ അടിയിലേക്ക് പോകാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ്‌ പ്ലാറ്റ് ഫോമില്‍ നിന്ന ജവാന്‍ ഓടി വന്ന ശേഷം അമ്മയുടെ കൈ തട്ടി തെറിപ്പിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഉടനെ തന്നെ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു.

റെയില്‍വേ മന്ത്രിയായ പിയുഷ് ഗോയാല്‍ ആണ് 1 മിനിറ്റ് 33 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചത്. കൂടെ ജവാന്‍റെ ധീരമായ പ്രവര്‍ത്തനത്തിന് അടിക്കുറിപ്പില്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോ വൈറലാകാന്‍ അധികം സമയം ഒന്നും വേണ്ടി വന്നില്ല. ജവാന്‍റെ ജാഗ്രതയെയും കരുതലിനെയും പ്രശംസിച്ചു നിരവധി പേരാണ് രംഗത്ത് വന്നത്. ഏകദേശം ആയിരത്തോളം റീട്വീറ്റുകളും 17,000 ത്തോളം ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ