കൊച്ചി :   അണ്ടര്‍ പതിനേഴ്‌ ലോകകപ്പിനായി കൊച്ചിയിലെത്തിയ ബ്രസീല്‍ ടീം ചിലര്‍ക്ക് സമ്മാനിച്ചത്  സ്വപ്നതുല്യമായ അനുഭവമാണ്. പരിശീലനത്തിനിടയില്‍ പ്രാദേശികാരായ ചില കളിക്കാരെയും വിളിച്ചുചേര്‍ത്തുകൊണ്ടാണ് ബ്രസീല്‍ ടീം മാതൃക കാണിച്ചത്. ബ്രസീലിന്‍റെ സാംബാ ചുവടുകളോട് സാമ്യം ചെന്ന കളിശൈലി കണ്ടു വളര്‍ന്ന കേരളത്തിലെ കാല്‍പ്പന്തുകളി ആരാധകര്‍ ഈ നിമിഷങ്ങളെ ഹൃദയത്തോട് ചേര്‍ത്തു വെക്കും എന്നത് തീര്‍ച്ച. എന്തുകൊണ്ട് ഫുട്ബാള്‍ ? എന്തുകൊണ്ട് ബ്രസീല്‍ എന്നാരായുന്ന പലര്‍ക്കും ഉള്ള മറുപടിയാണ് ബ്രസീല്‍ ടീമും പരിശീലകനും കൊച്ചിക്ക് സമ്മാനിച്ച ഈ നിമിഷങ്ങള്‍. ഉദാത്തമായൊരു  ഒരു കായിക സംസ്കാരം എങ്ങനെയാണ് വ്യത്യസ്തതകള്‍ മറന്നുകൊണ്ട് കളിപ്രേമികളെ ഒന്നിപ്പിക്കുന്നത് എന്ന് വിളിച്ചോതുന്നതാണീ വീഡിയോ.

പല പ്രമുഖ ക്ലബ്ബിന്‍റെയും ജെഴ്സിയണിയുന്നവരാണീ താരങ്ങള്‍. ഒരുപക്ഷെ നാളെയുടെ ചരിത്രമാകുന്ന ഇതിഹാസങ്ങള്‍. അവരോടൊപ്പമാണ് കൊച്ചിയിലെ താരങ്ങള്‍ കാല്‍പ്പന്തുകളിപരിശീലിച്ചത്. അവര്‍ക്കെതിരെയാണ്‌ ഇന്ത്യയും പൊരുതാന്‍ പോക്കുന്നത്. എന്തിരുന്നാലും ഒരുകാര്യം തീര്‍ച്ചയാണ് ഇന്ത്യന്‍ മണ്ണില്‍ ഈ മഞ്ഞക്കുതിരകള്‍ നടത്തുന്ന പടയോട്ടത്തിനു ദൃക്സാക്ഷിയാകുന്നവരില്‍ ചിലരെങ്കിലും അവര്‍ക്ക് വേണ്ടി ആരവമുയര്‍ത്തുന്നുണ്ടാവും.

ശനിയാഴ്ചയാണ് ബ്രസീലിന്‍റെ ആദ്യമത്സരം. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്പെയിനിനെയാണ് ബ്രസീല്‍ നേരിടുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ