പ്രണയവും സൗഹൃദവും പറഞ്ഞ് ബെഹൻ ഹോഗി തേരിയുടെ ട്രെയിലറെത്തി. രാജ്‌കുമാർ റാവുവും ശ്രുതി ഹാസനുമാണ് ട്രെയിലറിൽ നിറഞ്ഞ് നിൽക്കുന്നത്. ഒരു റൊമാന്റിക്ക് കോമഡിയാണ് ചിത്രം. രസകരമായ മൂന്ന് മിനിറ്റിൽ താഴെ ദൈർഘ്യമുളള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.

ഗട്ടു എന്ന കഥാപാത്രമായി രാജ്‌കുമാറും ബിന്നിയായി ശ്രുതി ഹാസനും ഈ ചിത്രത്തിലെത്തുന്നു. ഗട്ടുവിന് ബിന്നിയോട് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അജയ് കെ. പന്നലാലാണ് സിനിമയുടെ സംവിധായകൻ. ഓഡ്ബാൾ മോഷൻ പിക്‌ച്ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനും വിനീത് വ്യാസും ചേർന്നാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. ചിത്രം ജൂൺ രണ്ടിന് തിയേറ്ററിലെത്തും.

വ്യത്യസ്‌തമായ ഭാവ വേഷ പകർച്ചയിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന നടനാണ് രാജ്കുമാർ റാവു. ബെഹൻ ഹോഗി തേരിയിലെ അദ്ദേഹത്തിന്റെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. കൂടെ ശ്രുതി ഹാസനും ചേരുമ്പോൾ പ്രതീക്ഷകൾ ഉയരത്തിലാണ്. ഏവരുടെയും പ്രതീക്ഷ കൂട്ടുന്നതാണ് പുറത്തിറങ്ങിയ ട്രെയിലർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ