വിദ്യാ ബാലൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ബീഗം ജാന്റെ ട്രെയിലർ പുറത്തിറങ്ങി. കരുത്തുറ്റ കഥാപാത്രങ്ങളാൽ ആരാധകരെ ഞെട്ടിക്കുന്ന വിദ്യ ബീഗം ജാനിലും അത് ആവർത്തിച്ചിട്ടുണ്ടെന്നു ട്രെയിലറിൽനിന്നും വ്യക്തം. ട്രെയിലറിലുടനീളം വിദ്യ നിറഞ്ഞുനിൽക്കുന്നുണ്ട്. നല്ല പഞ്ച് ഡയലോഗുകളും വിദ്യ പറയുന്നുണ്ട്.

പഞ്ചാബിലെ ഒരു ലൈംഗികത്തൊഴിൽ കേന്ദ്രം നടത്തിപ്പുകാരിയായാണ് വിദ്യ ചിത്രത്തിലെത്തുന്നത്. ഇന്ത്യ- പാക്കിസ്ഥാൻ വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വിഭജനത്തിന്റെ സമയത്ത് വേശ്യാലയത്തിലുളളവരെ ഈ രണ്ട് രാജ്യങ്ങളിലേക്കും മാറ്റുന്നു. വിദ്യയുടെ കഥാപാത്രം ഇതിനെതിരെ ശക്തമായി ഉറച്ച് നിൽക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ഗൗഹർ ഖാനാണ് ചിത്രത്തിൽ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നസീറുദ്ദീൻ ഷാ, പല്ലവി ശാരദ തുടങ്ങിയവരും മുഖ്യ വേഷത്തിലുണ്ട്. ദേശീയ പുരസ്കാര ജേതാവായ ശ്രീജിത് മുഖർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ബംഗാളി ചിത്രമായ രാജ്കഹിനിയുടെ ഹിന്ദി പതിപ്പാണ് ബീഗം ജാൻ. വിശേഷ് ഫിലിംസാണ് നിർമാണം. ബീഗം ജാൻ ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ