പ്രേക്ഷകർ ആകാംഷ പൂർവം കാത്തിരിക്കുന്ന പ്രിയങ്കയുടെ ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും കോമഡിയും സാഹസികതയും നിറഞ്ഞതാണ് ട്രെയിലർ. മനോഹരമായ ലുക്കിലാണ് പ്രിയങ്ക ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു ഡ്രഗ് ഡീലറായാണ് പ്രിയങ്ക ചിത്രത്തിലെത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.

ടെലിവിഷൻ പരമ്പരയായ ക്വാൺടികോയിലൂടെയാണ് പ്രിയങ്ക ഹോളിവുഡിന് പ്രിയങ്കരിയാകുന്നത്. അലക്‌സ് പാരിഷെന്ന എഫ്ബിഐ ഏജന്റായാണ് പ്രിയങ്ക പരമ്പരയിലെത്തിയത്. അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രിയങ്കയുടെ ആദ്യത്തെ ഹോളിവുഡ് ചിത്രമാണ് ബേ വാച്ച്.

നായകൻ ഡ്വെയ്ൻ ജോൺസൺ (റോക്ക്) ട്വിറ്ററിൽ ബേവാച്ചിന്റെ ട്രെയിലർ പങ്ക് വച്ചിട്ടുണ്ട്. രസകരമായ കുറുപ്പോട് കൂടെയാണ് ട്രെയിലർ പങ്ക് വെച്ചിരിക്കുന്നത്. നടി പ്രിയങ്ക ചോപ്രയ്ക്ക് താക്കീതെന്ന രീതിയിലാണ് നായകൻ ഡ്വെയ്‍ൻ ജോൺസൺ പുതിയ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ഈവിൾ പ്രിയങ്കയ്ക്കൊരു മുന്നറിയിപ്പ് എന്നാണ് ട്രെയിലറിനൊപ്പം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

സേത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍ഷ്യ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രം മെയ് 25ന് തിയറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ