ബാഹുബലിയുടെ രണ്ടാം ഭാഗം തിയേറ്ററിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയാണ് മഹിഷ്‌മതിയുടെ കഥ പറഞ്ഞ ബാഹുബലിയുടെ ആദ്യ ഭാഗത്തിന് തിരശീല വീണത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായാണ് ഏവരും കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാല് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലർ കാണികളുടെ എണ്ണത്തിൽ റെക്കോർഡും സൃഷ്‌ടിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപാണ് ലഭിച്ചത്. ആദ്യ 24 മണിക്കൂറിനുളളിൽ അഞ്ച് കോടിപേരാണ് നാലു ഭാഷകളിലിറങ്ങിയ ട്രെയിലർ കണ്ടത്.

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത് ബാഹുബലി ട്രെയിലറിന്റെ റീമിക്‌സുകളാണ്. ബാഹുബലി ട്രെയിലറിലെ ഡയലോഗുകളും സിനിമയിലെയും മറ്റും രംഗങ്ങളും കോർത്തിണക്കിയ ട്രെയിലറുകൾക്കും കാഴ്‌ചക്കാരേറെയാണ്.

കാഴ്‌ചയുടെ പുതിയൊരു വിസ്‌മയം തീർത്ത ചിത്രമാണ് 2009ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ സംവിധാനം ചെയ്‌ത അവതാർ. സിനിമാ പ്രേമികളുടെ മനം കവർന്ന അവതാർ ലോക സിനിമയിലെ തന്നെ മികച്ച സിനിമകളിലൊന്നായിരുന്നു. അവതാറിലെ വിവിധ രംഗങ്ങൾ കോർത്തിണക്കിയാണ് ഒരു ബാഹുബലി ട്രെയിലറെത്തിയിരിക്കുന്നത്. ബാഹുബലിയുടെ അവതാർ വേർഷൻ. അവതാറിലെ കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങളും ബാഹുബലിയിലെ ഡയലോഗുകളും കൂടി ചേരുന്നതാണീ ട്രെയിലർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രധാന കഥാപാത്രമാക്കിയുളള സ്‌പൂഫ് വിഡിയോയും പ്രചരിക്കുന്നുണ്ട്.

മറ്റൊന്ന് കുങ്ങ് ഫു പാണ്ട എന്ന ചിത്രത്തിന്റെ ബാഹുബലി വേർഷനാണ്. കുങ്ങ് ഫു പാണ്ടയിലെ വിവിധ രംഗങ്ങൾ കോർത്തിണക്കിയുളളതാണീ ട്രെയിലർ. കുങ്ങ് ഫു പാണ്ടയാണ് ഇതിൽ ബാഹുബലിയായെത്തുന്നത്.

മറ്റൊന്ന് ബാഹുബലി ട്രെയിലറിന്റെ കോമഡി വിഡിയോ ആണ്. ബാഹുബലി ട്രെയിലറിന്റെ തമാശ കലർന്നതാണിത്. ബാഹുബലി ട്രെയിലറിൽ കോമഡിയും ചേർത്താണ് ഈ വിഡിയോ ഒരുക്കിയിരിക്കുന്നത്.

ബാഹുബലിയുടെ തമാശ വിഡിയോകളും സമൂഹമാധ്യമങ്ങളിലുണ്ട്. ഉദയ് തേജ് എന്ന പേരിലുളളയാളാണ് ഈ വിഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ഒരു വീടിന്റെ പശ്ചാത്തലത്തിലുളള ബാഹുബലി റീമിക്‌സ് വിഡിയോയാണിത്.

ഇന്ത്യ മൊത്തത്തിൽ ബാഹുബലി മയമാണ്. പ്രേക്ഷകർ ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ് രാജമൗലി ഒരുക്കിയ ഈ ദൃശ്യ വിസ്‌മയത്തിനായി. ഏപ്രിൽ 28നാണ് ബാഹുബലി തിയേറ്ററിലെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook